സിറിയക്ക് കുവൈത്ത് 1.9 ബില്യൺ ഡോളർ സംഭാവന നൽകി
text_fieldsകുവൈത്ത് സിറ്റി: വിവിധ പ്രയാസങ്ങൾ നേരിടുന്ന സിറിയക്ക് മാനുഷിക ഇടപെടലിന്റെ ഭാഗമായി കുവൈത്ത് നൽകിയത് 1.9 ബില്യൺ യു.എസ് ഡോളർ സംഭാവന. കുവൈത്ത് അന്താരാഷ്ട്ര സംഘടനകൾക്കായുള്ള അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അബ്ദുൽ അസീസ് അൽ ജാറുല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയുടെയും പ്രദേശത്തിന്റെയും ഭാവിയെ പിന്തുണക്കുന്നതിനെക്കുറിച്ചുള്ള ഏഴാം ബ്രസൽസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരിയിൽ സിറിയയിലും തുർക്കിയയിലും ഉണ്ടായ ഭൂകമ്പങ്ങളെത്തുടർന്ന് യു.എൻ മാനുഷിക സഹായങ്ങൾക്കായി കുവൈത്ത് 100 മില്യൺ ഡോളർ സംഭാവന നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
സിറിയക്കും അയൽ രാജ്യങ്ങൾക്കും പിന്തുണ നൽകുന്നതിനായി കോൺഫറൻസ് സംഘടിപ്പിച്ചതിന് യൂറോപ്യൻ യൂനിയനെ അൽ ജാറുല്ല അഭിനന്ദിച്ചു. സിറിയയിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിന് ഇത് സഹായം ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. 2013ൽ സിറിയക്കുവേണ്ടി ആദ്യ സമ്മേളനത്തിന് കുവൈത്ത് മുൻകൈയെടുത്തതും 2015ലെ യു.എൻ സുരക്ഷ കൗൺസിൽ പ്രമേയവും അൽ ജാറുല്ല സ്മരിച്ചു.
അതേസമയം, സിറിയയിൽ തുടരുന്ന ദുരിതങ്ങളിൽ അൽ ജാറുല്ല ഖേദം പ്രകടിപ്പിച്ചു, 15.3 ദശലക്ഷത്തിലധികം ആളുകൾക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണെന്ന റിപ്പോർട്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. സിറിയയിലെ ഭക്ഷ്യക്ഷാമം പരിഹരിക്കേണ്ടതും ആരോഗ്യസംവിധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അൽ ജാറുല്ല എടുത്തുപറഞ്ഞു.അഭയാർഥികൾക്ക് ആതിഥ്യമരുളുന്ന രാജ്യങ്ങളിലെ സാമൂഹിക, സാമ്പത്തിക, സുരക്ഷ പ്രശ്നങ്ങളിലും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ഉണ്ടാകണമെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.