കുവൈത്തിന് യു.എൻ മനുഷ്യാവകാശ കൗൺസിൽ അംഗത്വം
text_fieldsകുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭ (യു.എൻ) മനുഷ്യാവകാശ കൗൺസിലിലേക്ക് കുവൈത്തിനെ തെരഞ്ഞെടുത്തു. കുവൈത്ത് അടക്കം 15 പുതിയ രാജ്യങ്ങളെയാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തത്. അതേസമയം, പെറുവിനും റഷ്യക്കും അവസരം ലഭിച്ചില്ല.
കുവൈത്ത്, അൽബേനിയ, ബ്രസീൽ, ബൾഗേറിയ, ബുറുണ്ടി, ചൈന, ഐവറി കോസ്റ്റ്, ക്യൂബ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഫ്രാൻസ്, ഘാന, ഇന്തോനേഷ്യ, ജപ്പാൻ, മലാവി, നെതർലൻഡ്സ് എന്നിവയാണ് പുതിയ രാജ്യങ്ങൾ. 2024 ജനുവരി ഒന്നു മുതൽ മൂന്നുവർഷത്തേക്കാണ് അംഗത്വം. തെരഞ്ഞെടുപ്പിനുശേഷം യു.എൻ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസാണ് രാജ്യങ്ങളെ പ്രഖ്യാപിച്ചത്. ചൈന, ഐവറി കോസ്റ്റ്, ക്യൂബ, ഫ്രാൻസ്, മലാവി എന്നീ രാജ്യങ്ങൾ രണ്ടാം തവണയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ആഗോളതലത്തിൽ മൗലിക സ്വാതന്ത്ര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള ഉത്തരവാദിത്തം വഹിക്കുന്ന യു.എന്നിന്റെ പ്രധാന ബോഡിയാണ് മനുഷ്യാവകാശ കൗൺസിൽ. 2006ൽ രൂപവത്കരിച്ച മനുഷ്യാവകാശ കൗൺസിലിൽ 47 അംഗരാജ്യങ്ങൾ ഉൾപ്പെടുന്നു. രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ്.
ഭൂമിശാസ്ത്രപരമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ആഫ്രിക്ക (13), ഏഷ്യ-പസഫിക് (13), കിഴക്കൻ യൂറോപ്യൻ (ആറ്), ലാറ്റിനമേരിക്കൻ, കരീബിയൻ (എട്ട്), പടിഞ്ഞാറൻ യൂറോപ്യൻ, മറ്റുള്ളവ (ഏഴ്) എന്നിങ്ങനെ അംഗത്വം നിശ്ചയിച്ചിട്ടുണ്ട്.
നന്ദി പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി
കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭ (യു.എൻ) മനുഷ്യാവകാശ കൗൺസിലിൽ അംഗമായതിൽ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരെ വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് അഭിനന്ദിച്ചു. 2024 മുതൽ 2026 വരെ കാലയളവിൽ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ അംഗമായതിൽ കുവൈത്ത് സർക്കാറും ജനങ്ങളും വൻ വിജയത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കുവൈത്തിന്റെ മനുഷ്യാവകാശങ്ങളോടുള്ള ആദരവിന്റെയും സജീവമായ പങ്കിന്റെയും തെളിവാണ് ഈ ഫലമെന്ന് ശൈഖ് സലിം പറഞ്ഞു. വോട്ടെടുപ്പിൽ പങ്കെടുത്ത രാജ്യങ്ങൾക്ക് ശൈഖ് സലിം നന്ദി അറിയിച്ചു. കുവൈത്ത് അതിന്റെ ബാധ്യതകളും ഉത്തരവാദിത്തങ്ങളും ആത്മാർഥതയോടെ നിർവഹിക്കുമെന്നും സജീവമായ പങ്ക് തുടരുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ലോകമെമ്പാടുമുള്ള മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി മനുഷ്യാവകാശ കൗൺസിൽ പ്രവർത്തനത്തെയും ചുമതലയെയും ശക്തമായി പിന്തുണക്കുന്ന രാജ്യമാണ് കുവൈത്ത്. മനുഷ്യാവകാശങ്ങൾ ആസ്വദിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാനും അവ എല്ലാവർക്കും തുല്യവും വിവേചനവുമില്ലാതെ അവകാശങ്ങൾ നൽകുന്നുവെന്നും ശൈഖ് സലിം ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.