കുവൈത്ത് അമീർ യു.എ.ഇ സന്ദർശിക്കും
text_fieldsകുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും പ്രതിനിധി സംഘവും ചൊവ്വാഴ്ച യു.എ.ഇയിലേക്ക് തിരിക്കും. ചുമതല ഏറ്റെടുത്തതിന് ശേഷമുള്ള അമീറിന്റെ ആദ്യ ഔദ്യോഗിക യു.എ.ഇ സന്ദർശനമാണിത്.
കുവൈത്തും യു.എ.ഇയും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തൽ വിവിധ തലങ്ങളിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കൽ എന്നിവയെല്ലാം സന്ദർശന ലക്ഷ്യങ്ങളാണ്. യു.എ.ഇ ഭരണ നേതൃത്വവുമായി അമീർ കൂടിക്കാഴ്ച നടത്തും. നേരത്തേ സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ അമീർ സന്ദർശനം നടത്തിയിരുന്നു.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ സന്ദർശനം ഉഭയകക്ഷി ബന്ധത്തിന്റെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണെന്ന് കുവൈത്തിലെ യു.എ.ഇ അംബാസഡർ ഡോ. മതർ അൽ നയാദി പറഞ്ഞു. സന്ദർശനം ഇരുരാജ്യങ്ങളും തമ്മിൽ വിവിധ തലങ്ങളിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താൻ സഹായിക്കും. കുവൈത്ത് യു.എ.ഇയുടെ ഒരു പ്രധാന പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു.
അമീറിന്റെ സന്ദർശനം കുവൈത്ത്-യു.എ.ഇ ബന്ധത്തിലും ഗൾഫ് സഹകരണ കൗൺസിലിലും (ജി.സി.സി) സുപ്രധാനമാണെന്ന് യു.എ.ഇയിലെ കുവൈത്ത് അംബാസഡർ ജമാൽ അൽ ഗുനൈം പറഞ്ഞു. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള പൊതു പൈതൃകത്തിന്റെ ആഴം, ചരിത്രം, ഗൾഫ് രാജ്യങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഏകീകരിക്കുന്നതിനുമുള്ള താൽപര്യം എന്നിവ സന്ദർശനത്തിൽ പ്രതിഫലിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.