കുവൈത്തിലേക്ക് കുടുംബ സന്ദർശന വിസ: അപേക്ഷ സ്വീകരിച്ചുതുടങ്ങി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തേക്ക് കുടുംബ സന്ദർശന വിസ, ടൂറിസ്റ്റ് വിസ എന്നിവ അനുവദിച്ചു തുടങ്ങി. ബുധനാഴ്ച അപേക്ഷ സ്വീകരിക്കൽ നടപടികൾ ആരംഭിച്ചു.
ആദ്യദിനം തന്നെ മലയാളികൾ അടക്കമുള്ള നൂറുകണക്കിന് പ്രവാസികൾ വിവിധ റെസിഡന്‍സ് അഫയേഴ്സ് ഡിപ്പാർട്മെന്റുകളിൽ അപേക്ഷ നൽകാനെത്തി. നിബന്ധനകൾ പാലിക്കാത്ത അപേക്ഷകൾ അധികൃതർ നിരസിച്ചു.
മെറ്റ പ്ലാറ്റ്ഫോം വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത് റെസിഡന്‍സ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രതിമാസശമ്പളം വ്യക്തമാക്കുന്ന രേഖ, സന്ദർശകർ കാലയളവ് പാലിക്കുമെന്നും സന്ദർശനവിസ കുടുംബ വിസയിലേക്ക് മാറ്റില്ലെന്നുമുള്ള സത്യപ്രസ്താവനകൾ, കുവൈത്ത് ദേശീയ വിമാന കമ്പനികളുടെ റിട്ടേൺ ടിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
കുടുംബ സന്ദർശന വിസക്ക് ഒരു മാസവും ടൂറിസ്റ്റ് സന്ദർശന വിസക്ക് മൂന്ന് മാസവുമാണ് സാധുത.
കുടുംബ സന്ദർശന വിസയിൽ അപേക്ഷകരുടെ പിതാവ്, മാതാവ്, ഭാര്യ, മക്കൾ എന്നിവരെ പരിഗണിക്കും. അപേക്ഷകന് പ്രതിമാസ ശമ്പളം 400 ദീനാറിൽ കുറവാകരുതെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. മറ്റു ബന്ധുക്കളെ എത്തിക്കുന്ന അപേക്ഷകർക്ക് 800 ദീനാറിൽ കുറയാത്ത ശമ്പളം അനിവാര്യമാണ്. താമസ കാലയളവ് ലംഘിക്കുന്ന സാഹചര്യത്തിൽ സന്ദർശകനും സ്പോൺസർക്കുമെതിരെ നിയമനടപടി സ്വീകരിക്കും. സന്ദർശകർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ അനുവദിക്കില്ല. ഇവർ ചികിത്സക്ക് സ്വകാര്യ ആശുപത്രികളെയും ആരോഗ്യകേന്ദ്രങ്ങളെയും ആശ്രയിക്കണം.
തിങ്കളാഴ്ചയാണ് പുതിയ വ്യവസ്ഥകളോടെ രാജ്യത്ത് ദീർഘകാലമായി നിർത്തിവെച്ച കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദർശന വിസകൾ പുനരാരംഭിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാജ്യത്തെ വാണിജ്യ, സാമ്പത്തിക, ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാനും സാമൂഹികവശങ്ങൾ കണക്കിലെടുത്തുമാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.