കുവൈത്ത് ധനകാര്യ മന്ത്രി വിവിധ രാജ്യങ്ങളിലെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: അന്താരാഷ്ട്ര നാണയ നിധിയുടെയും (ഐ.എം.എഫ്) ലോക ബാങ്കിന്റെയും വാർഷിക യോഗത്തോടനുബന്ധിച്ച് കുവൈത്ത് ധനകാര്യ മന്ത്രി ഫഹദ് അൽ ജാറല്ല നിരവധി മന്ത്രിമാരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. മൊറോക്കൻ നഗരമായ മരാക്കേച്ചിൽ നടന്ന യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ചകൾ. യോഗത്തിൽ അൽ ജാറല്ലയാണ് കുവൈത്ത് പ്രതിനിധി സംഘത്തെ നയിച്ചത്.
ഈജിപ്ഷ്യൻ രാജ്യാന്തര സഹകരണ മന്ത്രി റാനിയ അൽ മഷാത്തുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഫഹദ് അൽ ജാറല്ല പ്രശംസിച്ചു. ബഹ്റൈൻ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ അൽ ഖലീഫയുമായുള്ള കൂടിക്കാഴ്ചയിൽ കുവൈത്തും ബഹ്റൈനും തമ്മിലുള്ള ചരിത്രപരമായ സഹോദര ബന്ധത്തെ പങ്കുവെച്ചു.
യമൻ ആസൂത്രണ-അന്താരാഷ്ട്ര സഹകരണ മന്ത്രി വാഇദ് ബാതീബ്, വൈദ്യുതി-ഊർജ മന്ത്രി മാനെ ബിൻ യമീൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യത്ത് സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള യമൻ ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് കുവൈത്തിന്റെ പിന്തുണ അറിയിച്ചു. യമൻ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും അവിടുത്തെ ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിനും കുവൈത്തിന്റെ പങ്കിനെ രണ്ട് യമൻ മന്ത്രിമാരും അഭിനന്ദിച്ചു.
മൊറോക്കൻ സാമ്പത്തിക, ധനകാര്യ മന്ത്രി നാദിയ ഫെറ്റ അലൗയിനുമായും അൽ ജാറല്ല കൂടിക്കാഴ്ച നടത്തി. സെപ്റ്റംബർ 10ലെ വിനാശകരമായ ഭൂകമ്പത്തിൽനിന്ന് കരകയറാനുള്ള മൊറോക്കോയുടെ ശ്രമങ്ങളിൽ കുവൈത്തിന്റെ പിന്തുണ ധനകാര്യ മന്ത്രി അറിയിച്ചു. 190 അംഗരാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത ഐ.എം.എഫ്-ഡബ്ല്യു.ബി വാർഷിക യോഗങ്ങൾ സംഘടിപ്പിച്ചതിൽ മൊറോക്കോയെ അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം ജോർഡനിയൻ ആസൂത്രണ-അന്താരാഷ്ട്ര സഹകരണ മന്ത്രി സീന ടൗക്കനുമായും ഫഹദ് അൽ ജാറല്ല കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.