ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ കെട്ടിട പരിസരത്ത് നിന്ന് നീക്കം ചെയ്യണം
text_fieldsകുവൈത്ത് സിറ്റി: അനാവശ്യമായതും ഉപേക്ഷിച്ചതുമായ വസ്തുക്കൾ കെട്ടിടങ്ങളുടെ പരിസരത്തുനിന്ന് ഉടൻ നീക്കംചെയ്യണമെന്ന് പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പാലിറ്റി മന്ത്രിയുമായ ഡോ. നൂറ അൽ മഷാൻ കെട്ടിട ഉടമകൾക്ക് മുന്നറിയിപ്പ് നൽകി. റെസിഡൻഷ്യൽ, കൊമേഴ്സ്യൽ കെട്ടിടങ്ങളിലെ പരിശോധനക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമം ലംഘിക്കുന്നതായി കണ്ടെത്തുന്നവർക്കെതിരെ ഉടനടി നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പു നൽകി. പാഴ് വസ്തുക്കൾ കെട്ടിടങ്ങളിൽ നിന്ന് തൽക്ഷണം നീക്കം ചെയ്യണം. ഇത്തരം മാലിന്യം തള്ളുന്നത് കണ്ടെത്തിയ കെട്ടിടങ്ങളിൽ നിന്ന് വൈദ്യുതി വിച്ഛേദിച്ചതായും അവർ വെളിപ്പെടുത്തി. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹും പരിശോധക്കുണ്ടായിരുന്നു. മഹ്ബൂല, മംഗഫ്, ജ്ലീബ് അൽ ഷുയൂഖ് എന്നിവിടങ്ങളിലെ കെട്ടിടങ്ങളിൽ സംഘം പരിശോധന നടത്തി.
അനുശോചിച്ച് പ്രവാസി സംഘടനകൾ
പൽപക് അനുശോചന യോഗം ചേർന്നു
കുവൈത്ത് സിറ്റി: തീപിടത്തത്തിൽപ്പെട്ട് ജീവൻ വെടിഞ്ഞവർക്ക് പാലക്കാട് പ്രവാസി അസോസിയേഷൻ (പൽപക്) ആദരാഞ്ജലികൾ അർപ്പിച്ചു. പ്രസിഡന്റ് സക്കീർ പുതുനഗരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പ്രേംരാജ് അനുശോചന സന്ദേശം വായിച്ചു.
മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ജീവഹാനി സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്തതിൽ യോഗം ഖേദം പ്രകടിപ്പിച്ചു. മരണമടഞ്ഞവരുടെ ബന്ധു മിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രാർഥിച്ചു. ആശുപത്രികളിൽ കഴിയുന്നവരെ സന്ദർശിച്ച് അവർക്ക് സഹായസഹകരണങ്ങൾ ചെയ്തു കൊടുക്കാൻ യോഗം തീരുമാനിച്ചു.
യൂത്ത് ഇന്ത്യ കുവൈത്ത്
കുവൈത്ത് സിറ്റി: അതിദാരുണമായ തീപിടിത്തത്തിൽ യൂത്ത് ഇന്ത്യ കുവൈത്ത് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അപകടത്തിൽ മരണപ്പെട്ടവർക്കായി പ്രാർഥിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഭാരവാഹികൾ അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ യൂത്ത് ഇന്ത്യ നേതാക്കൾ സന്ദർശിച്ചു.
ടി.കെ.ഐ.സി.സി
കുവൈത്ത് സിറ്റി: മൻഗഫിലുണ്ടായ തീപിടുത്തത്തിൽ ടി.കെ.ഐ.സി.സി അനുശോചിച്ചു. മരണപ്പെട്ട എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലിയും, പ്രാർഥനയും നടത്തുന്നതിനൊപ്പം കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായി കുവൈത്ത് കമ്മിറ്റി അറിയിച്ചു.
കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി
കുവൈത്ത് സിറ്റി: ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ തീരാനഷ്ടത്തിൽ പങ്ക് ചേരുന്നതായും പത്ര കുറിപ്പിൽ അറിയിച്ചു.
തലശ്ശേരി വെൽഫെയർ അസോസിയേഷൻ
കുവൈത്ത് സിറ്റി: തൊഴിലാളികളുടെ താമസ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിലും ദാരുണ അന്ത്യത്തിലും തലശ്ശേരി വെൽഫെയർ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനത്തിൽ പറഞ്ഞു.
സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ
കുവൈത്ത് സിറ്റി: ലേബർ ക്യാമ്പിൽ ഉണ്ടായ അഗ്നിബാധ ദുരന്തത്തിൽ സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവക അഗാധമായ ദുഃഖം രേഖപ്പെടുത്തി. അനുശോചന സമ്മേളനത്തിൽ ഇടവക സെക്രട്ടറി റെജു ഡാനിയേൽ ജോൺ അനുശോചന സന്ദേശം അവതരിപ്പിച്ചു. ഇടവക വികാരി റവ. സിബി പി.ജെ.പ്രാർഥനക്കു നേതൃത്വം നൽകി. അതിദാരുണമായ ഈ സംഭവത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായി ഇടവക അറിയിച്ചു.
ടെക്സാസ് കുവൈത്ത്
കുവൈത്ത് സിറ്റി: തീപിടുത്തത്തിൽ മരണപ്പെട്ട പ്രവാസികളുടെ വിയോഗത്തിൽ തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ (ടെക്സാസ്) കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ട പ്രവാസി സഹോദരങ്ങൾക്ക് അനുഃശോചനം രേഖപ്പെടുത്തുന്നതോടൊപ്പം, അവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായി ടെക്സാസ് പ്രസിഡന്റ് ജിയാഷ് അബ്ദുൾകരീം, ജനറൽ സെക്രട്ടറി ജോർജ്, ട്രഷറർ കനകരാജ് എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
മരണപ്പെട്ട അംഗങ്ങൾക്ക് കെ.ഇ.എ ധനസഹായം നൽകും
കുവൈത്ത് സിറ്റി: തീപിടിത്ത ദുരന്തത്തിൽ കൊല്ലപ്പെട്ട കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) അംഗങ്ങൾക്ക് ധനസഹായം നൽകുമെന്ന് സംഘടന അറിയിച്ചു. കെ.ഇ.എ അംഗങ്ങളായ കെ.ആർ. രഞ്ജിത്ത്, കേളു പൊന്മലേരി എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ കുടുംബത്തിന് അടിയന്തിര സഹായമായി രണ്ട് ലക്ഷം രൂപ വെൽഫയർ ഫണ്ടിൽ നിന്ന് ഉടൻ തന്നെ കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതോടൊപ്പം പരിക്കേറ്റവർക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്നും അറിയിച്ചു. സംഘടനയുടെ ക്രൈസിസ് മാനേജമെന്റ് ടീം ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന അംഗങ്ങളെ ഉപയോഗപ്പെടുത്തി സഹായങ്ങൾ ചെയ്യുന്നുണ്ട്. ചികിത്സയിൽ കഴിയുന്ന കെ.ഇ.എ മുൻ ജനറൽ സെക്രട്ടറി നളിനാക്ഷൻ ഒളവറയുടെ ചികിത്സാ കാര്യത്തിൽ സംഘടന ഇടപെട്ടുവരുന്നുണ്ട്.
ഫിലിപ്പീന്‍സ് സ്വദേശികളുടെ കുടുംബങ്ങൾക്ക് സഹായധനം
കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തിൽ മരണപ്പെട്ട ഫിലിപ്പീന്‍സ് സ്വദേശികളുടെ കുടുംബങ്ങൾക്ക് സഹായധനം നല്‍കുമെന്ന് മനില ഓവർസീസ് വർക്കേഴ്സ് വെൽഫെയർ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. മൂന്ന് ഫിലിപ്പിന്‍സ് സ്വദേശികളാണ് തീപിടിത്തത്തിൽ മരണപ്പെട്ടത്. 2,20,000 ഫിലിപ്പൈൻ പെസോയാണ് സഹായ ധനമായി നല്‍കുക. ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.