മുഹമ്മദലി ജീവിതത്തിലേക്ക് തിരികെയെത്തി; എങ്കിലും...
text_fieldsകുവൈത്ത് സിറ്റി: മൻഗഫിൽ അപകടം നടന്ന കെട്ടിടത്തിൽ മൂന്നാം നിലയിൽ ഉറങ്ങിക്കിടന്ന മുഹമ്മദലി ബുധനാഴ്ച രാവിലെ ഉണർന്നത് കനത്ത പുകയിലേക്കും ബഹളങ്ങളിലേക്കുമാണ്. അപ്പോഴേക്കും താഴെ നിലയിൽനിന്ന് കനത്ത പുക മൂന്നാം നിലയിലെ മുറിയിൽ എത്തി തുടങ്ങിയിരുന്നു. മുറിയിൽനിന്ന് വരാന്തയിലേക്കും ഗോവണിയിലേക്കും ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും പുക കാഴ്ചകളെ മറച്ചു. ശ്വാസം മുട്ടി തുടങ്ങിയതോടെ മുറിയിൽ കയറി വാതിലടച്ചു.
അവിടെയും നിൽക്കാനാകാതെ വന്നതോടെ പുക കുറവുള്ള എതിർദിശയിലെ മുറിയിലെ ബാൽക്കണിയിലേക്ക് ഓടിക്കയറി. കുറച്ചെങ്കിലും ശുദ്ധവായു ഉള്ള ഇടമായിരുന്നു അത്. വൈകാതെ അവിടെയും സുരക്ഷിതമല്ലെന്നായി. പുകയും തീയും നിറഞ്ഞ രണ്ടു നിലകൾ കടന്ന് ഗോവണി വഴി ഒരിക്കലും താഴെ എത്താനാകില്ലെന്ന് അപ്പോഴേക്കും കെട്ടിടത്തിലെ മിക്കവർക്കും ഉറപ്പായിരുന്നു. അതിനിടെയാണ് ചിലർ കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയത്. ചിലർ ജീവിതത്തിലേക്കും മറ്റുചിലർ മരണത്തിലേക്കും ആ ചാട്ടത്തിലൂടെ കടന്നുപോയി. പലർക്കും ഗുരുതര പരിക്കേറ്റു.
മൂന്നാം നിലയിലെ ബാൽക്കണിയിൽ കണ്ട കേബിൾ വഴി താഴെ ഇറങ്ങാനായി പിന്നെ മുഹമ്മദലിയുടെ ശ്രമം. രണ്ടാം നിലയിലെ ബാൽക്കണിയിലേക്ക് കേബിൾ വഴി ഊർന്നിറങ്ങി. അവിടെനിന്ന് വീണ്ടും താഴെ എത്താനുള്ള പരിശ്രമത്തിനിടെ കേബിൾ പൊട്ടി. താഴെ കാർ പാർക്കിങ് ഷെഡിന് മുകളിലാണ് മുഹമ്മദലി വന്നുവീണത്. അവിടെ നിന്ന് തെറിച്ച് താഴെ എത്തി. വീഴ്ചയിൽ തലയിലും തോളെല്ലിനും പരിക്കും കൈപൊട്ടുകയും ചെയ്തങ്കിലും വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മുഹമ്മദലി.
മുബാറക് ആശുപത്രിയിൽനിന്ന് ബുധനാഴ്ച വൈകീട്ടുതന്നെ ഡിസ്ചാർജായ മുഹമ്മദലി ഇപ്പോൾ വിശ്രമത്തിലാണ്. 16 വർഷമായി എൻ.ബി.ടി.സിയിൽ മെക്കാനിക്കൽ സെക്ഷൻ ഹെഡാണ് മലപ്പുറം തെന്നല സ്വദേശിയായ ഇദ്ദേഹം. ജീവിതത്തിലേക്ക് തിരികെ എത്തിയെങ്കിലും ഒരുമിച്ചു കഴിഞ്ഞ 46 പേരുടെ മരണം എൽപ്പിച്ച ആഘാതം മുഹമ്മദലിയിൽനിന്ന് വിട്ടുപോയിട്ടില്ല. കാതിൽ ഇപ്പോഴും രക്ഷക്കുവേണ്ടി ആർത്തലച്ചവരുടെ ശബ്ദമാണ്. മുന്നിൽ മരണം ജീവൻ കവർന്നവരുടെ മുഖവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.