മൻഗഫ് തീപിടിത്തം; മരണപ്പെട്ട ഇന്ത്യക്കാരനെ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു
text_fieldsകുവൈത്ത് സിറ്റി: മൻഗഫിൽ എൻ.ബി.ടി.സി താമസകേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ മരണപ്പെട്ട ജീവനക്കാരൻ ബിഹാർ ദർബംഗ സ്വദേശിയായ കലുക്ക (32) ആണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഡി.എൻ.എ പരിശോധന നടപടിക്രമങ്ങൾക്ക് വേണ്ടി സഹോദരൻ ഷാരൂഖ് ഖാനെ കഴിഞ്ഞ ദിവസം എൻ.ബി.ടി.സി അധികൃതർ കുവൈത്തിലെത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കലുക്കയെ തിരിച്ചറിഞ്ഞത്.
ഏഴ് വർഷമായി എൻ.ബി.ടി.സിയിൽ ജീവനക്കാരനായിരുന്നു. എൻ.ബി.ടി.സി ഹൈവേ സെന്ററിൽ സെയിൽസ്മാനായി ജോലി ചെയ്തുവരുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം തിങ്കളാഴ്ച രാത്രി 8.15നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈ വഴി പട്നയിലേക്ക് മൃതദേഹം എത്തിക്കുമെന്ന് എൻ.ബി.ടി.സി അറിയിച്ചു. കലുക്കയുടെ സഹോദരനും ഇതേ വിമാനത്തിൽ നാട്ടിലേക്ക് തിരിക്കും. എൻ.ബി.ടി.സി അടിയന്തര ധനസഹായമായ എട്ടു ലക്ഷം കലുക്കയുടെ കുടുംബത്തിന് കൈമാറും. സംസ്കാര ചടങ്ങുകൾക്കാവശ്യമായ തുക കലുക്കയുടെ സഹോദരന് കൈമാറിയതായും എൻ.ബി.ടി.സി അറിയിച്ചു.
ആശുപത്രിയിൽ ഉള്ളത് ആറു പേർ
കുവൈത്ത് സിറ്റി: മംഗഫ് തീപിടിത്ത ദുരന്തത്തിൽ ചികിത്സയിൽ കഴിഞ്ഞ കൂടുതൽ പേർ ആശുപത്രി വിട്ടു. നിലവിൽ മൂന്ന് ആശുപത്രികളിലായി ആറു പേരാണ് ചികിത്സയിലുള്ളത്. ഇതിൽ മൂന്ന് മലയാളികൾ അടക്കം അഞ്ചു പേർ ഇന്ത്യക്കാരാണ്. ഒരാൾ ഫിലിപ്പീനി സ്വദേശിയാണ്. ഫിലിപ്പീനി സ്വദേശിയും ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്ന് രണ്ടു പേരും തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. തിങ്കളാഴ്ച അദാൻ ആശുപത്രിയിൽ രണ്ട് പേരും മുബാറക് ആശുപത്രിയിൽ ഒരാളും ജാബിർ ആശുപത്രിയിൽ മൂന്ന് പേരുമാണ് ചികിത്സയിലുള്ളത്. അദാൻ ആശുപത്രിയിൽ ഒന്ന്, ജാബിർ ആശുപത്രിയിൽ രണ്ട് എന്നിങ്ങനെയാണ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.