മരിച്ചവരിൽ രണ്ടു മലയാളികളും; തീപടർന്നതിനു പിന്നാലെ കെട്ടിടത്തിൽനിന്ന് എടുത്തു ചാടി താമസക്കാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ രണ്ടു മലയാളികളും. കൊല്ലം ഓയൂർ സ്വദേശി ശൂരനാട് വടക്ക് ആനയടി തുണ്ടുവിള വീട്ടിൽ ഉമറുദ്ദീന്‍റെയും ശോഭിതയുടെയും മകൻ ഷെമീർ (33), കോട്ടയം പാമ്പാടി വിശ്വഭാരതി കോളജിന് സമീപം വാടകക്ക് താമസിക്കുന്ന പാമ്പാടി ഇടിമാരിയില്‍ സാബു ഫിലിപ്പിന്‍റെ മകന്‍ സ്റ്റെഫിൻ എബ്രഹാം സാബു (29) എന്നിവരാണ് മരിച്ചത്.
ഷെമീർ അഞ്ചുവർഷമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. എട്ടു മാസം മുമ്പ് അവധിക്ക് നാട്ടിൽ വന്നിരുന്നു. ഭാര്യ: സുറുമി. എബ്രഹാം സാബുവിന്റെ മാതാവ്: ഷേര്‍ളി. സഹോദരങ്ങൾ: ഫെബിൻ (കുവൈത്ത്), കെവിന്‍. മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എന്‍.ബി.ടി.സിയിലെയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തില്‍പെട്ടത്. മലയാളികളടക്കം 49 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിരവധി പേര്‍ക്ക് സാരമായ പരിക്കേറ്റു. ഇവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമാണ്.
ബുധനാഴ്ച പുലർച്ച നാലുമണിക്കാണ് മൻഗഫ് ബ്ലോക്ക് നാലിലെ ആറുനില കെട്ടിടത്തിൽ തീപടർന്നത്. കെട്ടിടത്തിൽ 196 പേരായിരുന്നു താമസിച്ചിരുന്നത്. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല. മരിച്ചവരെ തിരിച്ചറിഞ്ഞുവരുകയാണ്.
തൊഴിലാളികൾ ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം എന്നത് മരണസംഖ്യ ഉയരാൻ കാരണമായി. കെട്ടിടത്തിൽ തീയും പുകയും നിറഞ്ഞതോടെ ശ്വാസംമുട്ടിയാണ് കൂടുതൽ മരണങ്ങളും. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽനിന്നും ചിലർ താഴേക്ക് ചാടി. മലയാളികളെ കൂടാതെ തമിഴ്നാട്, ആന്ധ്ര, പഞ്ചാബ്, നേപ്പാൾ സ്വദേശികളും അപകടത്തിൽപെട്ടു. പരിക്കേറ്റവർ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.