കുവൈത്ത് വിദേശകാര്യ മന്ത്രി ‘ഉന്റ’ കമീഷണർ ജനറലുമായി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യ ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിയായ ‘ഉന്റ’ കമീഷണർ ജനറൽ ഫിലിപ്പ് ലസാരിനിയുമായി കൂടിക്കാഴ്ച നടത്തി.
ഫലസ്തീനിലെ പുതിയ സംഭവവികാസങ്ങളും ജനങ്ങളുടെ കഷ്ടപ്പാടുകളും ഇരുവരും വിലയിരുത്തി. ഫലസ്തീൻ ജനതക്ക് സഹായവസ്തുക്കളും മാനുഷികസഹായവും എത്തിക്കുന്നതിലെ ഉന്റയുടെ ശ്രമങ്ങളും ചർച്ച ചെയ്തു.
ഫലസ്തീനിൽ ഉന്റ നടത്തുന്ന ശ്രമങ്ങളെ കുവൈത്ത് മന്ത്രി അഭിനന്ദിച്ചു. ഫലസ്തീൻ ജനതക്ക് നിരന്തര സഹായം നൽകുന്നതിൽ കുവൈത്തിന്റെ പിന്തുണയും ആവർത്തിച്ചു. കിഴക്കൻ ജറുസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രമെന്ന അവകാശങ്ങൾക്കായുള്ള കുവൈത്തിന്റെ ആഹ്വാനവും അൽ യഹ്യ പുതുക്കി. ഫലസ്തീൻ ജനതക്ക് ഉന്റ നൽകുന്ന സഹായത്തെ പിന്തുണക്കുന്നതിൽ കുവൈത്തിന്റെ നിർണായക പങ്ക് ലസാരിനി എടുത്തുപറഞ്ഞു. ആഗോളതലത്തിൽ സഹായം എത്തിക്കുന്ന കുവൈത്തിൻ്റെ മാനുഷികപങ്കിന് നന്ദി രേഖപ്പെടുത്തി. ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഉന്റയിലെ ഉദ്യോഗസ്ഥർ ഹമാസിനെ സഹായിച്ചെന്ന് ഇസ്രയേൽ ആരോപിച്ചതോടെ വിവിധ രാജ്യങ്ങൾ സംഘടനക്ക് പണം നൽകുന്നത് നിർത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ച. ഫലസ്തീന് സഹായം തുടരുമെന്നും മറ്റു രാജ്യങ്ങളും സഹായം തുടരണമെന്നും കുവൈത്ത് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.