ജർമൻ സഹമന്ത്രിയുമായി കുവൈത്ത് വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ജർമൻ എം.പിയും സഹമന്ത്രിയുമായ തോബിയാസ് ലിൻഡ്നറെയുമായി കൂടിക്കാഴ്ച നടത്തി. ഫെഡറൽ ഫോറിൻ ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തെ കുറിച്ച് സംസാരിച്ച ഇരുവരും ഇത് ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
കുവൈത്ത് പൗരന്മാർക്ക് ഷെങ്കൻ വിസ അനുവദിക്കുന്ന കാര്യവും ചർച്ചയായി. ഷെങ്കൻ വിസ തീരുമാനത്തെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി അടിവരയിട്ടു. കുവൈത്ത് ഭരണകൂടം അതിന്റെ ജനാധിപത്യ സംവിധാനത്തെയും ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള അധികാര വിഭജന തത്ത്വത്തെയും വിലമതിക്കുന്നു. കുവൈത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനെ അദ്ദേഹം തള്ളിക്കളഞ്ഞു. അതേസമയം, സൗഹൃദ രാജ്യങ്ങളുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനുള്ള കുവൈത്തിന്റെ സന്നദ്ധത വിദേശകാര്യ മന്ത്രി അറിയിച്ചു.
ജർമനിയും കുവൈത്തും തമ്മിൽ എല്ലാ മേഖലകളിലും നിലവിലുള്ള തന്ത്രപരമായ ബന്ധങ്ങൾക്ക് തന്റെ രാജ്യത്തിന്റെ പിന്തുണ തോബിയാസ് ലിൻഡ്നറെ അറിയിച്ചു. കുവൈത്തിന്റെ ബുദ്ധിപരവും സന്തുലിതവുമായ വിദേശ നയത്തെ തോബിയാസ് ലിൻഡ്നറെ അഭിനന്ദിച്ചു. പ്രാദേശിക സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളും ഐക്യരാഷ്ട്രസഭയിലും മറ്റു അന്താരാഷ്ട്ര സംഘടനകളിലും കുവൈത്ത് സ്വീകരിക്കുന്ന നിലപാടുകളും അദ്ദേഹം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.