ഫലസ്തീന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത് സർക്കാർ
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനെതിരായ ക്രൂരമായ ഇസ്രായേൽ സൈനിക നടപടിയെ ശക്തമായ വാക്കുകളിലൂടെ അപലപിച്ചു കുവൈത്ത് സർക്കാർ ഫലസ്തീൻ ജനതയോട് അസന്ദിഗ്ധമായ നിലപാട് പ്രകടിപ്പിച്ചു. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിവാര യോഗത്തിൽ, ഇസ്രായേൽ ഭരണകൂടത്തിന്റെ തുടർച്ചയായ ആക്രമണത്തിനിരയായ ഗസ്സയിലെ പുതിയ സംഭവവികാസങ്ങൾ കാബിനറ്റ് അവലോകനം ചെയ്തു. അക്രമത്തിലൂടെയും സമ്പൂർണ നാശത്തിലൂടെയും ഫലസ്തീനികളെ ബലപ്രയോഗത്തിലൂടെ കുടിയിറക്കാനാണ് ശ്രമം. ആക്രമണം തടയാനും പ്രശ്നത്തിൽ എത്രയും വേഗത്തിൽ ഇടപെടാനും അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്ര സഭയോടും മന്ത്രിസഭ ആവശ്യപ്പെട്ടു.
യു.എൻ ഏജൻസികൾ, സർക്കാർ, സർക്കാറിതര സ്ഥാപനങ്ങൾ എന്നിവ വഴി ഗസ്സയിലേക്ക് സഹായം, ഭക്ഷണം, വെള്ളം, മറ്റ് ആവശ്യങ്ങൾ എന്നിവ ലഭ്യമാക്കാനും ജനങ്ങളുടെ ജീവൻ രക്ഷിക്കാനും ഗസ്സയിലെ ഉപരോധം അവസാനിപ്പിക്കണമെന്ന് മന്ത്രിസഭ ചൂണ്ടികാട്ടി.
യു.എൻ മനുഷ്യാവകാശ കൗൺസിലിൽ കുവൈത്തിന് അംഗത്വം ലഭിച്ചതിൽ വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് നേതൃത്വത്തെ അഭിനന്ദിച്ചു. ആഗോള രാജ്യങ്ങൾക്കിടയിൽ കുവൈത്തിന്റെ പദവി പ്രതിഫലിപ്പിക്കുന്നതാണ് ഇതെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.