ലണ്ടനിലെ നിക്ഷേപ ഓഫിസ് മേധാവിയെ കുവൈത്ത് മാറ്റിയതായി റിപ്പോർട്ടുകൾ
text_fieldsകുവൈത്ത് സിറ്റി: ലണ്ടനിലെ കുവൈത്ത് ഇൻവെസ്റ്റ്മെന്റ് ഓഫിസിന്റെ സി.ഇ.ഒ സാലിഹ് അൽ അത്തീഖിയുമായുള്ള കരാർ സർക്കാർ അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്.
ധനമന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ അബ്ദുൽ വഹാബ് അൽ റഷീദ് ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ എന്ന നിലയിൽ സാലിഹ് അൽ അത്തീഖുമായുള്ള കരാർ അവസാനിപ്പിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചെന്ന് കുവൈത്ത് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
തീരുമാനം പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരും. പൊതു താൽപര്യാർഥമാണ് സാലിഹ് അൽ അത്തീഖിയെ ഒഴിവാക്കിയതെന്നും ഒരു പ്രാദേശിക അറബി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ലണ്ടനിലെ കുവൈത്ത് ഇൻവെസ്റ്റ്മെന്റ് ഓഫിസിന്റെ പുതിയ സി.ഇ.ഒ ആയി സെന്റ് മാർട്ടിൻസ് കമ്പനിയുടെ പ്രസിഡന്റ് ഹുസൈൻ അൽ ഹലിബിയെ ധനമന്ത്രി ചുമതലപ്പെടുത്തിയെന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്.
ലണ്ടനിലെ കുവൈത്ത് നിക്ഷേപ ഓഫിസിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ധനമന്ത്രി നേരത്തെ ഒരു വസ്തുതാന്വേഷണ സമിതിക്ക് രൂപം നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണിപ്പോൾ സാലിഹ് അൽ അത്തീഖിയുടെ സ്ഥാനചലനം ഉണ്ടായിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. 2018 ഏപ്രിൽ ആദ്യത്തിലാണ് സാലിഹ് അൽ അത്തീഖി ലണ്ടനിലെ കുവൈത്ത് ഇൻവെസ്റ്റ്മെന്റ് ഓഫിസിന്റെ സി.ഇ.ഒ ആയി ചുമതല ഏറ്റെടുത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.