കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ കോൺഫറൻസ് നാളെ മുതൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ 15-ാമത് ഗൾഫ് ഹാർട്ട് ഫൗണ്ടേഷൻ കോൺഫറൻസ് ഈ മാസം 13 മുതൽ 16 വരെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കും. ഹൃദ്രോഗ മേഖലയിലെ പുതിയ ഗവേഷണങ്ങളെക്കുറിച്ച് കോൺഫറൻസ് ചർച്ചചെയ്യും. രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ വികസനത്തിന് കോൺഫറൻസ് സംഭാവന നൽകുമെന്നും കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ.റഷീദ് അൽ ഒവായേഷ് പറഞ്ഞു. പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾ നേരത്തേ കണ്ടെത്തൽ, സമയബന്ധിതമായ ചികിത്സയും നിയന്ത്രണവും പതിവായി വൈദ്യപരിശോധന നടത്തേണ്ടതിന്റെ ആവശ്യകത എന്നിവ അദ്ദേഹം സൂചിപ്പിച്ചു.
ഹൃദയം, രക്തക്കുഴൽ മേഖലകളിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് ആഗോള വിദഗ്ധർ പങ്കെടുക്കുന്ന ചർച്ച ഇത്തവണ ഒരുക്കുമെന്ന് കോൺഫറൻസിൽ സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ.ഫഹദ് അൽ ഹജേരി അറിയിച്ചു. നൂതന ഹൃദയ അൾട്രാസൗണ്ട്, പ്രഥമശുശ്രൂഷ, ഇ.സി.ജി എന്നിവ ഉൾക്കൊള്ളുന്ന ശിൽപശാലകളും കോൺഫറൻസിൽ അവതരിപ്പിക്കും.
കത്തീറ്ററൈസേഷൻ, വാൽവുകൾ, ഹൃദയസ്തംഭനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹൃദ്രോഗ നിർണയം, ഹൃദ്രോഗ നിർണയത്തിൽ എം.ആർ.ഐ, സി.ടി സ്കാൻ തുടങ്ങിയവയുടെ പങ്ക് എന്നിവയുൾപ്പെടെ ഹൃദയ സംബന്ധിയായ വിവിധ വിഷയങ്ങളും കോൺഫറൻസ് ചർച്ചചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.