കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റി തൊഴിൽ പ്രശ്നങ്ങളിൽ വിദേശ തൊഴിലാളികൾക്ക് തുണയാകുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റി തൊഴിൽ പ്രശ്നങ്ങളിൽ വിദേശ തൊഴിലാളികൾക്ക് തുണയാകുന്നു. ഒമ്പത് മാസത്തിനിടെ സൊസൈറ്റിക്ക് വിദേശ തൊഴിലാളികളിൽ നിന്ന് 295 പരാതികൾ ലഭിച്ചു. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്കാണ് സൊസൈറ്റി മേധാവി ഖാലിദ് അൽ ഹമീദി വ്യക്തമാക്കിയത്. 182 വനിതകളും 113 പുരുഷന്മാരുമാണ് നീതി തേടി മനുഷ്യാവകാശ സൊസൈറ്റിയെ സമീപിച്ചത്. 70 കേസുകൾ കോടതിയിലേക്ക് വിടുകയും 225 കേസുകൾ മധ്യസ്ഥ ചർച്ചകളിലൂടെ പരിഹരിക്കുകയും ചെയ്തു. 4032 പേർക്ക് നിയമോപദേശം നൽകി.
ഇതിൽ 1154 പേർ ഇന്ത്യക്കാരും 799 പേർ ഈജിപ്ത്, സിറിയ രാജ്യക്കാരും 779 പേർ ഫിലിപ്പീനികളും 282 പേർ പാകിസ്താനികളും 678 പേർ മറ്റു രാജ്യക്കാരുമായിരുന്നു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് ഹോട്ട്ലൈൻ സഹായം നൽകുന്നുണ്ട്. 22215150 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിച്ചാൽ അഞ്ച് ഭാഷകളിൽ നിയമോപദേശം നൽകും. കോടതിയെ സമീപിക്കണമെങ്കിൽ സൗജന്യമായി അഭിഭാഷകനെ ഏർപ്പെടുത്തിക്കൊടുക്കും. ഇംഗ്ലീഷ്, അറബി, ഫിലിപ്പിനോ, ഹിന്ദി, ഉർദു എന്നീ ഭാഷകളിലാണ് ചോദിച്ചറിയാൻ കഴിയുക.
കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹങ്ങൾ ഇന്ത്യക്കാരും ഈജിപ്തുകാരും ഫിലിപ്പീനികളും ബംഗ്ലാദേശികളുമാണ്. ഇവർക്കു വേണ്ടിയാണ് അഞ്ചുഭാഷകളിൽ സൗകര്യമൊരുക്കിയത്. സൊസൈറ്റിയുടെ വെബ്സൈറ്റ് വഴിയും നിയമസഹായം തേടാമെന്ന് ചെയർമാൻ ഖാലിദ് അൽ ഹമീദി കൂട്ടിച്ചേർത്തു. സൈക്കോളജിക്കൽ, സോഷ്യൽ കൗൺസലിങ്ങിനായി വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 191 വനിതകൾക്കും 61 പുരുഷന്മാർക്കും ഒമ്പതു മാസത്തിനിടെ സൈക്കളോജിക്കൽ കൗൺസലിങ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.