ഫിഫ റാങ്കിങ്ങിൽ നില മെച്ചപ്പെടുത്തി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കാൽപന്തുകളിയിൽ തിരിച്ചുവരവിനൊരുങ്ങുന്ന കുവൈത്ത് ഫെഡറേഷൻ ഇന്റർനാഷനൽ ഫുട്ബാൾ അസോസിയേഷൻ (ഫിഫ) ഫിഫ റാങ്കിങ്ങിൽ നില മെച്ചപ്പെടുത്തി. ഫിഫ വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ റാങ്കിങ്ങിൽ കുവൈത്ത് 137ാം സ്ഥാനത്താണ്.
നേരത്തേ 143ാം സ്ഥാനത്തായിരുന്ന കുവൈത്ത് കഴിഞ്ഞമാസം 141ൽ എത്തിയിരുന്നു. സൗത്ത് ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ (സാഫ്) കപ്പിൽ കുവൈത്തിന്റെ മികച്ച പ്രകടനമാണ് വീണ്ടും സ്ഥാനം ഉയർത്തി 137ൽ എത്തിച്ചത്. സാഫ് കപ്പിൽ ഫൈനലിൽ മാത്രമാണ് കുവൈത്ത് തോൽവി അറിഞ്ഞത്. അതിനകം തോൽവിയില്ലാതെ തുടർച്ചയായി ഒമ്പതു മത്സരങ്ങൾ കുവൈത്ത് ടീം പിന്നിട്ടിരുന്നു.
1998ൽ ഫിഫ റാങ്കിങ്ങിൽ 24ാം റാങ്കെന്ന സ്വപ്നതുല്യ സ്ഥാനത്തെത്താനും കുവൈത്തിന് കഴിഞ്ഞിരുന്നു. എന്നാൽ 2007, 2008, 2015 വർഷങ്ങളിൽ അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ വിലക്കിൽ കുവൈത്ത് ഫുട്ബാൾ രംഗം ഉലഞ്ഞു. ഫിഫ ലോക റാങ്കിങ്ങിൽ ടീം 189ാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയുമുണ്ടായി.
2022ലെ ഖത്തർ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങൾക്കായാണ് കുവൈത്ത് ദേശീയ ടീം വീണ്ടും രൂപവത്കരിക്കുന്നത്. തുടർന്ന് സ്ഥിരതയാർന്ന പ്രകടനം ടീം കാഴ്ചവെക്കുന്നുണ്ട്. പതിയെ ലോക ഫുട്ബാളിൽ തങ്ങളുടെ ഇടം തിരിച്ചുപിടിക്കാനുള്ള പ്രയത്നത്തിലാണ് കുവൈത്ത് ടീം.
പുതിയ ഫിഫ റാങ്കിങ്ങിൽ 137ാം സ്ഥാനവും ഏഷ്യയിൽ 25ാം സ്ഥാനവും നേടിയതോടെ 2026 ലോകകപ്പിനും 2027ലെ ഏഷ്യൻ കപ്പിനുമുള്ള ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ടിൽ പങ്കെടുക്കാനുള്ള യോഗ്യതയും കുവൈത്തിന് കൈവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.