ഫലസ്തീൻ ജനതയോട് ഐക്യപ്പെട്ട് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: നിരന്തരമായി ഇസ്രായേൽ ആക്രമണങ്ങൾ നേരിടുന്ന ഫലസ്തീൻ ജനതയോട് ഐക്യപ്പെട്ട് കുവൈത്ത്. അൽ അഖ്സ മസ്ജിദിൽ ഇസ്രായേൽ നടത്തിയ കടന്നുകയറ്റവും ഫലസ്തീനിലും മേഖലയിലെ മറ്റു രാജ്യങ്ങളിലും നടത്തിയ ആക്രമണത്തിലും കഴിഞ്ഞ ദിവസം കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി പ്രതികരിച്ചിരുന്നു. ഇതിന് പിറകെ ദേശീയ അസംബ്ലി സ്പീക്കറും അക്രമങ്ങൾക്കെതിരെ രംഗത്തെത്തി.
ഫലസ്തീൻ ജനതക്ക് ഔദ്യോഗികവും അനൗദ്യോഗികവുമായ ഐക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിക്കാൻ ഫലപ്രദമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കണമെന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം ആഹ്വാനം ചെയ്തു. അൽ അഖ്സ മസ്ജിദിൽ തുടരുന്ന ധാർഷ്ട്യവും നിയമ ലംഘനങ്ങളും ഇസ്രായേലിന്റെ അക്രമ പ്രവർത്തനങ്ങളും തുറന്നുകാട്ടാൻ അടിയന്തര അറബ് നീക്കം ആവശ്യമാണെന്നും അൽ ഗാനിം പറഞ്ഞു.
അൽ അഖ്സ മസ്ജിദിലെ ഫലസ്തീൻ ആരാധകരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ഗസ്സയിലും തെക്കൻ ലെബനനിലും സൈനിക നടപടികളും ഇസ്രായേലുമായി സമാധാനം അസാധ്യമാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ്.
ഫലസ്തീൻ ജനതയുടെ പോരാട്ടം പ്രോത്സാഹിപ്പിക്കുന്നതിനും ഇസ്രായേലിന്റെ നടപടികൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുന്നതിനും വിപുലമായ രാഷ്ട്രീയ, സാമ്പത്തിക, ദുരിതാശ്വാസ, മാധ്യമ പ്രചാരണങ്ങൾ നടത്തേണ്ടത് ആവശ്യമാണെന്നും സ്പീക്കർ വ്യക്തമാക്കി. അതിനിടെ, ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത് പൗരന്മാർ റാലി നടത്തി. ദേശീയ അസംബ്ലി കെട്ടിടത്തിന് എതിർവശത്തുള്ള ഇറാഡ സ്ക്വയറിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു.
സംയമനത്തിനായുള്ള അഭ്യർഥനകൾ ഉണ്ടായിരുന്നിട്ടും സയണിസ്റ്റ് പൊലീസ് അൽ അഖ്സ മസ്ജിദിൽ ഇരച്ചുകയറുകയും ഗസ്സയിലും ലെബനനിലും ബോംബെറിയുകയും ചെയ്തത് നീതീകരിക്കാനാകില്ലെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. മേഖലയിലെ സംഘർഷങ്ങൾക്ക് പൂർണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.