ഇരുണ്ട ഒാർമയെ വകഞ്ഞുമാറ്റി കുവൈത്ത് മുന്നോട്ട്
text_fieldsകുവൈത്ത് സിറ്റി: 28 വർഷം മുമ്പ് ഇതുപോലൊരു ആഗസ്റ്റ് രണ്ടിനാണ് സദ്ദാം ഹുസൈെൻറ സൈന്യം കുവൈത്തിലേക്ക് ഇരച്ചുകയറിയത്. അയൽരാജ്യത്തിെൻറ രക്തദാഹത്തിനുമുന്നിൽ കനത്ത നഷ്ടമാണ് കുവൈത്തിനുണ്ടായത്. രാജ്യത്തിെൻറ ശക്തിസ്രോതസ്സായ എണ്ണക്കിണറുകൾ തേടിപ്പിടിച്ച് തീയിട്ട ഇറാഖ് സൈന്യം കുവൈത്തിെൻറ സാമ്പത്തിക ശക്തി ക്ഷയിപ്പിക്കാനാണ് ഉന്നമിട്ടത്. 639 എണ്ണക്കിണറുകൾക്കാണ് ഇറാഖ് സൈന്യം തീയിട്ടത്.
ആകാശംമുട്ടെ ഉയർന്ന കറുത്ത പുകയുടെ നിഴലിലായിരുന്നു മാസങ്ങളോളം രാജ്യം. 2231 പേരെ ഇറാഖ് സൈന്യം കൊന്നതായാണ് കണക്ക്. പതിനായിരങ്ങൾക്ക് പരിക്കേറ്റു. കാണാതായവരെ കുറിച്ച് ഇപ്പോഴും വ്യക്തമായ കണക്കില്ല. വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇറാഖ് സൈന്യം തകർത്തുതരിപ്പണമാക്കി. നൂറുകണക്കിന് കെട്ടിടങ്ങൾ ബുൾഡോസറും മറ്റും ഉപയോഗിച്ച് ഇടിച്ചുനിരത്തി. പതിനായിരങ്ങളാണ് കുവൈത്തിൽനിന്ന് മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. ആ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ അവർക്ക് എല്ലാ സൗകര്യങ്ങളും നൽകി സംരക്ഷിച്ചു. ലോകഭൂപടത്തിൽനിന്ന് കുവൈത്ത് എന്ന രാജ്യത്തെ തന്നെ മായ്ച്ചുകളയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇറാഖി ടാങ്കുകൾ പാഞ്ഞടുത്തത്.
കുവൈത്തിനെ ഇറാഖിെൻറ 19ാമത് ഗവർണറേറ്റ് ആക്കുകയായിരുന്നു അയൽരാജ്യത്തെ ഏകാധിപതിയുടെ സ്വപ്നം. സ്വതന്ത്ര പരമാധികാര രാജ്യത്തെ തകർത്ത് കാൽക്കീഴിലാക്കാനുള്ള സദ്ദാമിെൻറ ശ്രമം പക്ഷേ, സഖ്യസൈന്യത്തിെൻറ പിന്തുണയോടെ കുവൈത്ത് ജനത അതിജയിച്ചു. ‘ഓപറേഷൻ സാൻഡ് സ്റ്റോം’ എന്നായിരുന്നു ഈ ദൗത്യത്തിെൻറ പേര്. അമേരിക്കയും ബ്രിട്ടനും നേതൃത്വം നൽകിയ സഖ്യസേനയിൽ 34 രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നാം ഗൾഫ് യുദ്ധം എന്നറിയപ്പെടുന്ന സൈനികനീക്കത്തിലൂടെ 1991 ഫെബ്രുവരി 26നാണ് കുവൈത്ത് മോചനം നേടിയത്. ഈ ദിനമാണ് കുവൈത്ത് വിമോചന ദിനമായി കൊണ്ടാടുന്നത്. 28 ആണ്ടുകൾക്കിപ്പുറവും അധിനിവേശത്തിെൻറ നീറുന്ന ഓർമകൾ ഓരോ കുവൈത്തിയുടെയും ഓർമയിലുണ്ട്. അധിനിവേശം വരുത്തിവെച്ച കെടുതികളുടെ സ്മരണകൾ ഇന്നും ഈ മണ്ണിലുണ്ട്. ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും അധിനിവേശത്തിെൻറ ദുരിതം അനുഭവിച്ചു. മരണം മുന്നിൽ കണ്ട ആ ദിനങ്ങൾ പ്രവാസികളുടെ മനസ്സിൽനിന്ന് ഇനിയും മാഞ്ഞിട്ടില്ല. സമ്പാദ്യമെല്ലാം ഒരു ദിവസംകൊണ്ട് നഷ്ടമായപ്പോൾ ഉടുതുണി മാത്രം ബാക്കിയായി.
ദിവസങ്ങൾ നീണ്ട പട്ടിണിയുടെയും ദുരിതങ്ങളുടെയും ബാക്കിപത്രവുമായി നാട്ടിലെത്തിയ മലയാളികൾ അനവധിയാണ്. സമീപകാലത്തായി ഇറാഖും കുവൈത്തും തമ്മിൽ ഉഭയകക്ഷി, നയതന്ത്ര ബന്ധം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ന് കുവൈത്ത് ജനത അധിനിവേശക്കെടുതികളിൽനിന്ന് ഏറക്കുറെ മോചിതരായിരിക്കുന്നു.
രാജ്യം വൻ വികസനക്കുതിപ്പിലാണ്. അപ്പോഴും, ആ കറുത്ത കാലത്തിെൻറ നീറുന്ന ഓർമകൾ കുവൈത്ത് ജനതയുടെ മനസ്സിലുണ്ട്. ഒടുവിൽ ഇറാഖിന് ഒരു പ്രതിസന്ധി വന്നപ്പോൾ സഹായ ഹസ്തം നീട്ടിയാണ് കുവൈത്ത് മധുരപ്രതികാരവും നന്മയുടെ മാതൃകയും തീർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.