പിന്തുണയുടെ ഒരു നൂറ്റാണ്ട്; കുവൈത്ത് എന്നും ഫലസ്തീനൊപ്പം
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനുമായി കുവൈത്തിനുള്ളത് ദീർഘ ദശകങ്ങളുടെ ബന്ധം. ഫലസ്തീൻ രാജ്യത്തെയും ജനങ്ങളെയും എന്നും ചേർത്തുപിടിച്ച രാജ്യമാണ് കുവൈത്ത്. നിരന്തരം സഹായങ്ങളും പിന്തുണയും നൽകിയും ലോകവേദികളിൽ ഫലസ്തീനുവേണ്ടി ശബ്ദമുയർത്തിയും കുവൈത്ത് എന്നും നിലകൊണ്ടു. ഒരു നൂറ്റാണ്ടായി കുവൈത്ത് ഭരണകൂടവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഫലസ്തീൻ. കുവൈത്തിന്റെ നിലപാടുകൾ പലപ്പോഴും മറ്റു രാജ്യങ്ങളുടെയും പങ്കാളികളുടെയും ശ്രദ്ധ ആകർഷിച്ചിക്കുകയും ചെയ്തു.
1936ൽ ‘ഒക്ടോബർ കമ്മീഷൻ’എന്ന പേരിൽ ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യത്തിനായുള്ള ആദ്യ കമിറ്റിക്ക് ഒരു കൂട്ടം യുവ കുവൈത്ത് പൗരന്മാർ രൂപം നൽകി. 1937ൽ ‘കുവൈത്തിലെ യുവാക്കൾ’ എന്ന പേരിൽ കമ്മിറ്റി രൂപവത്കരിച്ചു. ഫലസ്തീൻ വിഭജിക്കാനുള്ള ബ്രിട്ടീഷ് പദ്ധതിക്കെതിരെ നിലപാട് സ്വീകരിക്കാൻ അമീർ ശൈഖ് അഹമ്മദ് അൽ ജാബിർ അസ്സബാഹിനോട് കമ്മിറ്റി അഭ്യർഥിച്ചു. 1948-ലെ ‘അൽ-നക്ബ’ മുതൽ ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് കുവൈത്ത് പൂർണപിന്തുണ പ്രകടിപ്പിക്കുകയും ഇസ്രായേലി അധിനിവേശ നടപടികളെ അപലപിക്കുകയും ചെയ്തു. അൽ-നക്ബയെ തുടർന്ന് ആയിരക്കണക്കിന് ഫലസ്തീൻ അഭയാർഥികൾക്ക് കുവൈത്ത് ആതിഥേയത്വം വഹിച്ചു.
ഫലസ്തീൻ വിമോചന യുദ്ധത്തിൽ നിരവധി കുവൈത്ത് പൗരന്മാർ പങ്കെടുക്കുകയുമുണ്ടായി. 1957ൽ ഇസ്രായേലിനെ ബഹിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് അമീരി ഡിക്രി പുറത്തിറക്കി. 1964ൽ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ (പി.എൽ.ഒ) ഓഫിസ് സ്ഥാപിക്കാൻ കുവൈത്ത് അനുവദിച്ചു. പി.എൽ.ഒയെ പിന്തുണക്കുകയും ചെയ്തു. 1987ൽ കുവൈത്ത് സർക്കാർ ഫലസ്തീൻ ‘ഇന്തിഫാദ’ക്ക് പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്ത് താമസിക്കുന്ന ഫലസ്തീനികളെ സംഭാവനകൾ ശേഖരിക്കാൻ അനുവദിക്കാനും തീരുമാനിച്ചു.
2000 ഒക്ടോബറിൽ ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ പരിക്കേറ്റ നിരവധി ഫലസ്തീനികളെ കുവൈത്ത് സ്വീകരിച്ചു. 2009 ജനുവരിയിൽ എം.പിമാരുടെ മാസശമ്പളം ഗസ്സക്കാർക്ക് സംഭാവന ചെയ്യാൻ ദേശീയ അസംബ്ലി തീരുമാനമെടുത്ത നിർണായക തീരുമാനത്തിനും കുവൈത്ത് സാക്ഷിയായി. ഫലസ്തീനിലെയും ഗസ്സയിലെയും സമകാലിക സംഭവങ്ങൾ ആ രാജ്യത്തോടുള്ള കുവൈത്തിന്റെ കരുതൽ വീണ്ടും വ്യക്തമാകുന്നു.
ഇസ്രായേൽ അധിനിവേശത്തെയും അക്രമത്തെയും തള്ളിയ കുവൈത്ത് ഗസ്സയിലെ ഫലസ്തീനികൾക്ക് അടിയന്തിര മാനുഷിക സഹായം അയക്കുന്നതിൽ മുൻനിരയിലുണ്ട്. ഇതുവരെ 36 വിമാനങ്ങളിലായി ടൺകണക്കിന് വസ്തുക്കളാണ് കുവൈത്ത് ഗസ്സയിലെത്തിച്ചത്. ഭക്ഷ്യവസ്തുക്കൾ, മരുന്ന് എന്നിവക്ക് പുറമെ ആംബുലൻസുകളും, ടെന്റും, ശീതകാല വസ്ത്രങ്ങളും, മണ്ണുമാന്തി യന്ത്രങ്ങളും, മൊബൈൽ ക്ലിനിക്കുകളും വരെ കുവൈത്തിൽ നിന്ന് ഗസ്സയിലെത്തി. ഇസ്രായേലിന്റെ കനത്ത ആക്രമണത്തിനൊപ്പം രോഗവും വിശപ്പും കൊണ്ട് കിടപ്പാടമില്ലാതെ അലയുന്ന ഫലസ്തീനികളെ ചേർത്തുപിടിക്കുകയാണ് കുവൈത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.