ഖറാഫി നാഷനൽ തൊഴിൽപ്രശ്നം: അംബാസഡർ മന്ത്രിയെ സന്ദർശിച്ചു
text_fieldsകുവൈത്ത് സിറ്റി: ഖറാഫി നാഷനൽ കമ്പനിയിലെ തൊഴിൽപ്രശ്നവുമായി ബന്ധപ്പെട്ട് ഇന്ത്യൻ സ്ഥാനപതി സുനിൽ ജയിൻ കുവൈത്ത് തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അസ്സബീഹുമായി ചർച്ച നടത്തി. നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയായ ഖറാഫി നാഷനലിൽ മാസങ്ങളായി ശമ്പളം കിട്ടാതെ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് ജോലിക്കാരിൽ അധികവും ഇന്ത്യക്കാരാണ്.
വിഷയത്തിൽ ഇടപെട്ട് പരിഹാരം കണ്ടെത്താമെന്ന് മന്ത്രി സമ്മതിച്ചതായി എംബസി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാസം ഇവിടത്തെ തൊഴിലാളികൾ കൂട്ടമായി ഇന്ത്യൻ എംബസിയിലെത്തി പ്രതിഷേധ സമരം നടത്തിയിരുന്നു.
കമ്പനിയുടെ ശുഐബ ക്യാമ്പിലുള്ള 200ഓളം ഇന്ത്യൻ തൊഴിലാളികളാണ് എംബസിയിൽ പരാതി ബോധിപ്പിക്കാനെത്തിയത്. കമ്പനി യൂനിഫോമിൽ മൂന്ന് ബസുകളിലായി എത്തിയ തൊഴിലാളികളുടെ കൂട്ടത്തിൽ നിരവധി മലയാളികളും ഉണ്ടായിരുന്നു. ശമ്പളം നൽകാത്തതിനോടൊപ്പം ശുചീകരണപ്രവൃത്തികൾ മുടങ്ങിയതുൾപ്പെടെയുള്ള പ്രശ്നങ്ങളും തൊഴിലാളികൾ എംബസി അധികൃതരെ ബോധിപ്പിച്ചു.
തുടർന്ന് എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ സുഭാഷിഷ് ഗോൾഡർ ശുെഎബയിലെ തൊഴിൽ ക്യാമ്പ് സന്ദർശിച്ചു. ശമ്പളം കിട്ടാത്തതും ക്യാമ്പിലെ മോശം ജീവിതസാഹചര്യവും തൊഴിലാളികൾ അദ്ദേഹത്തോട് പങ്കുവെച്ചിരുന്നു. മുടങ്ങിയ ശമ്പളം കുടിശ്ശിക ഉൾപ്പെടെ ഫെബ്രുവരി 22നും മാർച്ച് ഒന്നിനും നൽകാമെന്ന വാഗ്ദാവും കമ്പനി അധികൃതർ ലംഘിച്ചു.
ജോലി രാജിവെച്ച് പോയവരുടെ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും സംബന്ധിച്ച പൂർണ വിവരങ്ങൾ ഒരാഴ്ചക്കുള്ളിൽ അറിയിക്കണമെന്ന് എംബസി കമ്പനി അധികൃതർക്ക് നിർദേശം നൽകിയെങ്കിലും ഫലമുണ്ടായില്ല. കുവൈത്ത് തൊഴിൽമന്ത്രി പ്രശ്നത്തിൽ ഇടപെടാമെന്ന് സമ്മതിച്ചത് തൊഴിലാളികളുടെ പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.