കുവൈത്ത് കേരള ഇസ്ലാഹി സെന്റർ അവധിക്കാല കാമ്പയിന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ 'വിശ്വാസം സംസ്കരണം സമാധാനം' പ്രമേയത്തിൽ സംഘടിപ്പിക്കുന്ന അവധിക്കാല കാമ്പയിന് തുടക്കം. റിഗ്ഗയ് ഔഖാഫ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ശൈഖ് ഫലാഹ് ഖാലിദ് അൽ മുതൈരി ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ധാർമിക മൂല്യങ്ങളിലേക്ക് ക്ഷണിക്കുന്ന പ്രബോധന ദൗത്യങ്ങൾ നന്മയുള്ള സമൂഹത്തെ വാർത്തെടുക്കാൻ അനിവാര്യമാണെന്നും പ്രവാചകന്മാരുടെ നിയോഗവും അതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാമ്പയിൻ കമ്മിറ്റി വൈസ് ചെയർമാൻ ഹാഫിള് മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു.
പ്രമുഖ പണ്ഡിതനും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റുമായ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രവാചകന്മാർ പഠിപ്പിച്ച മാർഗങ്ങളിൽ ഇഴുകിച്ചേരലാണ് വിശ്വാസ ശുദ്ധീകരണത്തിന്റെ യഥാർഥ പാതയെന്ന് അദ്ദേഹം ഉണർത്തി. വളർന്നുവരുന്ന ലിബറൽ ചിന്താഗതികളും ലഹരി മാഫിയയുടെ ഇടപെടലുകളും സമൂഹത്തിൽ ഉണ്ടാക്കുന്ന ദുരന്തം ചെറുതായിരിക്കില്ലെന്നും ഇസ്ലാമിക അധ്യാപനങ്ങൾ പകർന്നുനൽകിയേ സാമൂഹിക വിപത്തുകളിൽനിന്ന് പുതുതലമുറയെ രക്ഷപ്പെടുത്താനാവൂ എന്നും കാമ്പയിൻ പ്രമേയം അവതരിപ്പിച്ച കെ.സി. മുഹമ്മദ് നജീബ് എരമംഗലം പറഞ്ഞു.
മുഹമ്മദ് അസ്ലം കാപ്പാട്, നഹാസ് അബ്ദുൽ മജീദ്, മുസ്തഫ സഖാഫി, മെഹബൂബ് കാപ്പാട് എന്നിവർ സംസാരിച്ചു. സെന്റർ ഖുർആൻ ഹദീസ് ലേണിങ് വിഭാഗം സംഘടിപ്പിച്ച 41ാമത് ഖുർആൻ വിജ്ഞാന പരീക്ഷയിലും ഹിഫ്ള് മത്സരത്തിലും വിജയികളായവർക്കുള്ള സമ്മാനം ശൈഖ് ഫലാഹ് ഖാലിദ് അൽ മുതൈരി കൈമാറി. കാമ്പയിൻ ലഘുലേഖ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, മുസ്തഫ സഖാഫി അൽ കാമിലിക്ക് നൽകി പ്രകാശനം ചെയ്തു.
കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ആക്ടിങ് ജനറൽ സെക്രട്ടറി സക്കീർ കൊയിലാണ്ടി സ്വാഗതവും കാമ്പയിൻ കൺവീനർ അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.