കെ.എം.സി.സി പോസ്റ്റ് കോവിഡ് കോൺഫറൻസ്
text_fieldsകുവൈത്ത് സിറ്റി: കോവിഡ് കാല സേവനത്തിന് കെ.എം.സി.സി മെഡിക്കൽ വിങ്, വൈറ്റ് ഗാർഡ് അംഗങ്ങളെയും മറ്റു പ്രവർത്തകരെയും ആദരിക്കാൻ കുവൈത്ത് കെ.എം.സി.സി സംഘടിപ്പിച്ച പോസ്റ്റ് കോവിഡ് കോൺഫറൻസ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഫാഷിസവും കമ്യൂണിസവും സമുദായത്തെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ നടത്തുമ്പോൾ കാലത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ കെ.എം.സി.സി തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. കോവിഡ് കാലത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച ഷാഫി കൊല്ലത്തിന് ഉപഹാരം നൽകി കോവിഡ് പോരാളികൾക്കുള്ള ആദരവിന് തുടക്കം കുറിച്ചു. 150 പേരെ ചടങ്ങിൽ ആദരിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നിർവഹിച്ചു.
രാജ്മോഹൻ ഉണ്ണിത്താനുള്ള ഉപഹാരം വൈസ് പ്രസിഡൻറ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂരും ആബിദ് ഹുസൈൻ തങ്ങൾക്കുള്ള ഉപഹാരം സിറാജ് എരഞ്ഞിക്കലും ഷാഫി ചാലിയത്തിനുള്ള ഉപഹാരം ഹാരിസ് വള്ളിയോത്തും കൈമാറി.
കോവിഡ് കാലത്തെ കെ.എം.സി.സിയുടെ പ്രവർത്തനം വിശദീകരിക്കുന്ന വിഡിയോ പ്രദർശനത്തിന് മെഡിക്കൽ വിങ് ജനറൽ കൺവീനർ ഡോ. അബ്ദുൽ ഹമീദ് പൂളക്കൽ നേതൃത്വം നൽകി.
അബ്ദുല്ല ഫർഹാൻ അൽ ബനിയാൻ, മെഡ് എക്സ് എം.ഡി ഫാസ് മുഹമ്മദലി, ഉപദേശക സമിതി ചെയർമാൻ നാസർ മശ്ഹൂർ തങ്ങൾ എന്നിവർ സംസാരിച്ചു.
മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനം കെ.ടി.പി. അബ്ദുറഹിമാന് നൽകി ഷാഫി ചാലിയം നിർവഹിച്ചു.
ഫാസ് മുഹമ്മദലിക്ക് രാജ്മോഹൻ ഉണ്ണിത്താനും അൽ അൻസാരി എക്സ്ചേഞ്ച് പ്രതിനിധി അബ്ദുറഹ്മാന് ആബിദ് ഹുസൈൻ തങ്ങളും ഫരീജ് സുവൈല പ്രതിനിധി ആസിഫിന് ഷാഫി ചാലിയവും ഉപഹാരം നൽകി. റമദാൻ കലണ്ടർ പ്രകാശനം ആബിദ് ഹുസൈൻ തങ്ങൾ ക്വാളിറ്റി മുസ്തഫക്കും എൻ.കെ. ഖാലിദ് ഹാജിക്കും നൽകി നിർവഹിച്ചു.
വൈസ് പ്രസിഡൻറ് ശഹീദ് പാട്ടില്ലത്ത്, സെക്രട്ടറിമാരായ എൻജി. മുഷ്താഖ്, ടി.ടി. ഷംസു, ശരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം.ആർ. നാസർ നന്ദിയും പറഞ്ഞു. ജില്ല-മണ്ഡലം നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.