എംബസി ഒൗട്ട്പാസ് നൽകിയ 5000ത്തോളം പേർ കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ എംബസി ഒൗട്ട്പാസ് നൽകിയ 5000ത്തോളം പേർ കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോൾ പാസ്പോർട്ട് കൈവശമില്ലാത്തതിനാൽ ഇന്ത്യൻ എംബസിയുടെ ഒൗട്ട് പാസിന് അപേക്ഷിച്ച ഒരു വിഭാഗമാണ് തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് കുടുങ്ങിക്കിടക്കുന്നത്. എംബസി നിയോഗിച്ച വളൻറിയർമാർ മുഖേന ഒൗട്ട്പാസിന് അപേക്ഷിച്ചവർ ഇപ്പോൾ പൊതുമാപ്പ് രജിസ്ട്രേഷന് വരേണ്ടതില്ല എന്ന് എംബസി തന്നെയാണ് അറിയിച്ചത്. അവർ രേഖകൾക്കായി എംബസിയിലേക്കും വരേണ്ടതില്ലെന്നും എമർജൻസി സർട്ടിഫിക്കറ്റ് നടപടിക്രമങ്ങൾ പൂർത്തിയായാൽ അവരെ അറിയിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുമെന്നാണ് എംബസി അറിയിച്ചിരുന്നത്.
ഇത് വിശ്വസിച്ച് തിരിച്ചുപോയവരാണ് രണ്ട് മാസങ്ങൾക്ക് ശേഷവും അനിശ്ചിതാവസ്ഥയിൽ തുടരുന്നത്. ഇഖാമയില്ലാത്തതിനാൽ ചാർേട്ടഡ് വിമാനങ്ങളിലും വന്ദേ ഭാരത് ദൗത്യത്തിെൻറ ഭാഗമായും തിരിച്ചുപോവാൻ ഇവർക്ക് കഴിയില്ല. ജോലിയും വരുമാനവുമില്ലാതെ ഇവർ ദുരിതത്തിലാണ്. പുറത്തിറങ്ങി കാലാവധിയുള്ള പാസ്പോർട്ട് കൈവശമുള്ളവരുടെ രജിസ്ട്രേഷൻ ആദ്യഘട്ടത്തിൽ പൂർത്തിയാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയവരെ വിവിധ ഷെൽട്ടറുകളിൽ പാർപ്പിക്കുകയും പിന്നീട് ഘട്ടംഘട്ടമായി തിരിച്ചുകൊണ്ടുപോവുകയും ചെയ്തു. പൊതുമാപ്പ് രജിസ്ട്രേഷൻ ക്യാമ്പിലുള്ള വിദേശികളെയെല്ലാം കുവൈത്ത് അധികൃതർ സൗജന്യമായാണ് സ്വന്തം നാട്ടിലെത്തിച്ചത്.
ഏപ്രിൽ ഒന്നുമുതൽ 30 വരെയായിരുന്നു കുവൈത്തിൽ പൊതുമാപ്പ്. ലോക്ഡൗൺ പശ്ചാത്തലത്തിൽ ഒൗട്ട്പാസ് സംഘടിപ്പിക്കാൻ സന്നദ്ധ സേവനത്തിനിറങ്ങിയ സംഘടനകളും വിഷമത്തിലാണ്. ആളുകൾ ഇവരെ വിളിച്ച് വഴക്കുപറയുന്ന സാഹചര്യമുണ്ട്. സാധാരണക്കാരായ തൊഴിലാളികളെ സഹായിക്കുക മാത്രമാണ് ഇവർ ചെയ്തത്. ലോക്ഡൗണിൽ പുറത്തുപോവൽ പ്രയാസകരമായ പശ്ചാത്തലത്തിൽ രേഖകൾ തയാറാക്കാൻ സഹായിക്കുകയും അവ എംബസിയിൽ എത്തിക്കുകയും മാത്രം ചെയ്ത സന്നദ്ധ പ്രവർത്തകർ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളോട് മറുപടി പറയേണ്ട അവസ്ഥയാണ്. പൊതുമാപ്പ് കാലാവധി കഴിഞ്ഞതിനാൽ ഇവരുടെ തിരിച്ചുപോക്കിന് ഇനി കുവൈത്ത് അധികൃതരുമായി പ്രത്യേക നയതന്ത്ര ഇടപെടൽ നടത്തേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.