തൊഴിലും വേതനവും ഇല്ലാതെ ടാക്സി തൊഴിലാളികളുടെ 100 ദിനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് 19 സുരക്ഷാക്രമീകരണങ്ങളാൽ ടാക്സികൾ നിർത്തലാക്കിയിട്ട് 100 ദിനങ്ങൾ പിന്നിടുന്നു. തൊഴിൽ പൂർണമായും നിലച്ചതോടെ ഈ മേഖലയിലെ ജീവനക്കാർ കടുത്ത പ്രതിസന്ധിയിലാണ്. ഒരു വരുമാനവും ഇല്ലാത്ത ഇവരുടെയും കുടുംബത്തിെൻറയും അവസ്ഥ ദയനീയമായി തുടരുന്നു. അടുത്ത ദിവസങ്ങളിൽ ടാക്സി സർവിസ് പുനരാരംഭിക്കും എന്ന പ്രതീക്ഷയിലാണ് ഓരോ ജീവനക്കാരും. കാൾ ടാക്സികളും, റോമിങ് ടാക്സികളുമാണ് കുവൈത്ത് നിരത്തിൽ സർവിസ് നടത്തുന്ന ഭൂരിപക്ഷം ടാക്സികൾ. ഈ ഇനത്തിലെ ടാക്സി ഡ്രൈവർമാരിൽ 95 ശതമാനവും കമ്പനികളുടെ ടാക്സി കാർ നാലുമുതൽ അഞ്ച് വർഷത്തെ കരാർ ഒപ്പിട്ടുനൽകി ദിവസം ഏഴുമുതൽ എട്ടു ദീനാർ വരെ വാടക കമ്പനിക്ക് നൽകി കാർ അറ്റകുറ്റപ്പണി സ്വന്തമായി ചെയ്യണം എന്ന വ്യവസ്ഥയിൽ തൊഴിലെടുക്കുന്നവരുമാണ്.
തൊഴിൽ നിയമപ്രകാരം പറയുന്ന ഒരു ആനൂകൂല്യവും ലഭിക്കാത്ത വിഭാഗമാണ് ടാക്സി തൊഴിലാളികൾ. ഭക്ഷണം, താമസം എല്ലാം സ്വന്തമായി നോക്കേണ്ട ഈ വിഭാഗത്തിൽ പെടുന്ന തൊഴിലാളികളുടെ തൊഴിൽ പൂർണമായും നഷ്ടമായത് മാർച്ച് 27നാണ്. ടാക്സി ഉടമകളിൽ നാമമാത്രമായ ചിലർ ഭക്ഷണസാധനങ്ങൾ നൽകി ആദ്യഘട്ടത്തിൽ ഡ്രൈവർമാരെ സഹായിച്ചിരുന്നു. സന്നദ്ധ സംഘടനകളും അഭ്യുദയകാംക്ഷികളും നൽകിവന്നിരുന്ന ഭക്ഷണകിറ്റുകളിലാണ് ഇതുവരെയും കഴിഞ്ഞുപോയിരുന്നത്. ഇപ്പോൾ കിറ്റുകളും ലഭ്യമല്ലാത്ത അവസ്ഥ വന്നുതുടങ്ങിയിരിക്കുന്നു. ഈ മേഖലയിലെ എല്ലാ ജീവനക്കാരും വടകവീടുകളിൽ കഴിയുന്നവരാണ്. വാടക നൽകാനില്ലാത്ത അവസ്ഥയിൽ കഴിയുന്നവരാണ് ഭൂരിപക്ഷവും.
വാടകയിൽ പലർക്കും ഇളവ് ലഭിക്കുന്നില്ല. സുഹൃത്തുക്കളിൽനിന്നും പരിചയക്കാരിൽനിന്നും കടം വാങ്ങിയാണ് വാടകക്കും ഭക്ഷണത്തിനും വക കണ്ടെത്തുന്നത്. ഇപ്പോൾ നിർത്തിവെച്ച ദിവസവാടക കൂടി തവണകളായി നൽകാ൯ കമ്പനി ഉടമകൾ ആവശ്യപ്പെടുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. തൊഴിൽ പുനരാരംഭിച്ചാലും യാത്രക്കാരെ ലഭിക്കുമോ എന്നതാണ് മറ്റൊരു ആശങ്ക. ഈ മേഖല സജീവമാകാ൯ കുറഞ്ഞത് ആറുമാസമെങ്കിലും വേണമെന്നാണ് ജീവനക്കാർ കണക്കുകൂട്ടുന്നത്. കുവൈത്തിൽ ഈ മേഖലയിൽ 18,000ത്തിൽപരം തൊഴിലാളികൾ ഉണ്ട്. അതിൽ എയർപോർട്ട് ടാക്സികളും നാമമാത്രമായ കാൾ ടാക്സികളും മാത്രമാണ് ശമ്പളം ലഭിക്കുന്ന ജവനക്കാർ. ഇതിനും വേതനം നാമമാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.