വന്ദേ ഭാരത് വിമാന ടിക്കറ്റുകൾ വിലകൂട്ടി വിൽക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിെൻറ നാലാംഘട്ടത്തിൽ കുവൈത്തിൽനിന്നുള്ള വിമാന ടിക്കറ്റുകൾ നിരക്ക് കൂട്ടി വിൽക്കുന്നതായി റിപ്പോർട്ട്. 80 ദീനാറാണ് കുവൈത്തിൽനിന്ന് സർക്കാർ പ്രഖ്യാപിച്ച നിരക്ക്. ആദ്യ മൂന്ന് ഘട്ടങ്ങളിൽ ഇൗ നിരക്കിലാണ് ആളുകൾ പോയത്. എന്നാൽ, നാലാംഘട്ടത്തിൽ എയർ ഇന്ത്യയെ ഒഴിവാക്കി സ്വകാര്യ വിമാനക്കമ്പനികൾക്കാണ് അവസരം നൽകിയത്. 91 ദീനാറിനാണ് ഗോ എയർ ടിക്കറ്റുകൾ നൽകുന്നത്. സ്വകാര്യ ട്രാവൽ ഏജൻസികൾ വഴിയാണ് ടിക്കറ്റ് വിതരണം. അവർ നാലുമുതൽ അഞ്ച് ദീനാർ വരെ കമീഷൻ ഇൗടാക്കുന്നു.
ആദ്യഘട്ടങ്ങളിലെ പോലെ ഇപ്പോൾ യാത്രക്കാർ ഇല്ലെന്നും സീറ്റുകൾ ഒഴിച്ചിടേണ്ടിവരുന്നതിനാൽ സർക്കാർ പ്രഖ്യാപിച്ച നിരക്കിൽ സർവിസ് നടത്താൻ കഴിയില്ലെന്നുമാണ് വിമാനക്കമ്പനികൾ പറയുന്നത്. ഇതിൽ സത്യമുണ്ട്. കുവൈത്ത് വിപണി തുറക്കുകയും ലോക്ഡൗണിൽ ഇളവ് നൽകുകയും ചെയ്തതോടെ നേരത്തെ നാട്ടിൽ പോവാൻ തീരുമാനിച്ചിരുന്ന പലരും തീരുമാനം മാറ്റി. നാട്ടിൽ പോയാൽ വിചാരിക്കുന്ന സമയത്ത് തിരിച്ചുവരാൻ കഴിയുമോ എന്ന ആശങ്കയും ഇന്ത്യയിൽ കോവിഡ് നിരക്ക് ഉയരുന്നതും ആളുകളെ പിന്തിരിപ്പിക്കുന്നു. വന്ദേ ഭാരത് നാലാംഘട്ടത്തിൽ ഷെഡ്യൂൾ ചെയ്ത അത്രയും വിമാനങ്ങൾ സർവിസ് നടത്താൻ സാധ്യതയില്ലെന്ന് വിലയിരുത്തലുണ്ട്. ടിക്കറ്റിന് അത്രയും ഡിമാൻഡ് ഇല്ലാത്ത സ്ഥിതിയുണ്ട്.
101 വിമാനങ്ങളാണ് നാലാംഘട്ടത്തിൽ കുവൈത്തിൽനിന്ന് ഷെഡ്യൂൾ ചെയ്തിരുന്നത്. ആദ്യ രണ്ട് ദിവസങ്ങളിലെ ഷെഡ്യൂൾ പിന്നീട് റദ്ദാക്കി. കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയേക്കും. അടിയന്തരമായി നാട്ടിലെത്തേണ്ടവർ ഇതിനകം അധിക നിരക്ക് നൽകി ചാർേട്ടഡ് വിമാനങ്ങളിൽ പോയിട്ടുണ്ട്. നാട്ടിലെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയും കുവൈത്ത് നിയന്ത്രണങ്ങൾ നീക്കി സാധാരണ ജീവിതത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയുമാണ്. ഇതാണ് ഡിമാൻഡ് കുറയാൻ കാരണം. ആദ്യഘട്ടങ്ങളിൽ ഏറെ ആവശ്യമുണ്ടായിരുന്ന സമയത്ത് വളരെ കുറച്ച് വിമാനങ്ങൾ മാത്രം അനുവദിച്ച അധികൃതർ ഡിമാൻഡില്ലാത്തപ്പോൾ യഥേഷ്ടം അനുവദിച്ചത് പരിഹാസ്യമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.