െഎസൊലേഷൻ നീക്കി; ആഹ്ലാദം അണപൊട്ടി ജലീബും മഹബൂലയും
text_fieldsകുവൈത്ത് സിറ്റി: കൂടുതുറന്നുവിട്ട പക്ഷിയെപ്പോലെയായിരുന്നു അവരുടെ മാനസികാവസ്ഥ. മൂന്ന് മാസമായി തുടരുന്ന െഎസൊലേഷൻ ജലീബ് അൽ ശുയൂഖ്, മഹബൂല നിവാസികളെ എത്രമാത്രം അസ്വസ്ഥമാക്കിയിരുന്നുവെന്നത് വ്യക്തമാക്കുന്നതായിരുന്നു വ്യാഴാഴ്ച ലോക്ഡൗൺ നീക്കി പുറത്തുവിട്ടതോടെ പ്രദേശവാസികളുടെ സന്തോഷത്തോടെയുള്ള പ്രതികരണങ്ങൾ. പ്രദേശം വിട്ട് പുറത്തുപോവാൻ കഴിയാത്തതിനാൽ നിരവധി പേരാണ് ജോലിയില്ലാതെ ദുരിതത്തിലായിരുന്നത്. കഴിഞ്ഞ ഏപ്രിൽ ആറ് മുതലാണ് മഹബൂല, ജലീബ് അൽ ശുയൂഖ് പ്രദേശങ്ങളിൽ ലോക് ഡൗൺ ഏർപ്പെടുത്തിയത്. ലോക്ഡൗൺ കാലത്ത് ജോലിയില്ലാത്തതിനാൽ കുവൈത്ത് അധികൃതരും സന്നദ്ധ സംഘടനകളും ഭക്ഷണം എത്തിച്ചുനൽകിയത് ഉൾപ്പെടെ സേവനങ്ങൾ അവർ നന്ദിയോടെ സ്മരിച്ചു.
വ്യാഴാഴ്ച രാവിലെ അഞ്ചുമുതലാണ് ജലീബ് അൽ ശുയൂഖ്, മഹബൂല എന്നിവിടങ്ങളിലെ െഎസൊലേഷൻ നീക്കിയത്. പ്രദേശം വളഞ്ഞുവെച്ച് കെട്ടിയ മുൾവേലി അധികൃതർ അഴിച്ചുമാറ്റുന്നത് കാണാൻ ജനങ്ങൾ കൂടിനിന്നു. െഎസൊലേഷൻ നീക്കുന്നത് പ്രഖ്യാപിച്ചതുമുതൽ പ്രവാസികൾ ട്രോളും ആഘോഷവുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. നാട്ടിൽ പോവാൻ നിശ്ചയിച്ചിരുന്ന പലരും ലോക്ഡൗൺ നീക്കിയതോടെ തീരുമാനം മാറ്റി ഇവിടെ തുടരാൻ നിശ്ചയിച്ചു. ഇനി ഫർവാനിയ കൂടി മാത്രമാണ് കുവൈത്തിൽ ലോക്ഡൗണിലുള്ളത്. ഹവല്ലി, ഖൈത്താൻ എന്നിവിടങ്ങളിലെ െഎസൊലേഷൻ നേരത്തെ നീക്കിയിരുന്നു. അടുത്തയാഴ്ച ഫർവാനിയയിലെ െഎസൊലേഷൻ നീക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.