വൈദ്യുതി ഉൽപാദനത്തിൽ കുവൈത്തിന് മികച്ച മുന്നേറ്റം
text_fieldsകുവൈത്ത്സിറ്റി: വൈദ്യുതി ഉൽപാദനത്തിൽ ഗള്‍ഫ് മേഖലയില്‍ കുവൈത്തിന് മികച്ച മുന്നേറ്റം. മീഡ് മാഗസിൻ പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ജി.സി.സിയിലെ വൈദ്യുതി ഉൽപാദനത്തിൽ മുന്നാം സ്ഥാനത്താണ് കുവൈത്ത്.
ഊർജ പ്രതിസന്ധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് വൈദ്യുതി മന്ത്രാലയം നടപ്പാക്കുന്നത്. വൈദ്യുതി പ്രസരണ നഷ്ടം പരമാവധി കുറക്കാന്‍ കുവൈത്തിന് സാധിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. മേഖലയില്‍ വൈദ്യുതി ഉൽപാദന കരാറുകളുടെ മൂല്യം 40ശതമാനം വർധിച്ച് 19 ബില്യൺ ഡോളർ ആയിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ വൈദ്യുതി ഉൽപാദന പദ്ധതികൾക്കായി 3.916 ബില്യൺ ഡോളറും ഊർജ ട്രാൻസ്മിഷൻ പദ്ധതികൾക്കായി 7.229 ബില്യൺ ഡോളറുമാണ് കുവൈത്ത് ചെലവഴിച്ചത്.
രാജ്യത്തെ ജല-വൈദ്യുതി ഉൽപാദന പദ്ധതികളുടെ കമീഷൻ ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വാർഷിക വൈദ്യുതി ഉല്പാദനം മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. പുനരുൽപാദന ഊർജ സ്രോതസ്സുകളിലേക്ക് നീങ്ങിക്കൊണ്ട് ഊർജ മിശ്രിതത്തെ വൈവിധ്യവൽക്കരിക്കാനും ആലോചനയുണ്ട്. പാരിസ്ഥിതിക സൗഹൃദമായ ഇത്തരം പദ്ധതിയിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.