കുവൈത്ത് മാധ്യമപ്രവർത്തക രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽനിന്ന് കുവൈത്ത് മാധ്യമപ്രവർത്തക രക്ഷപ്പെട്ടത് തലനാരിഴക്ക്. കുവൈത്ത് ടി.വി റിപ്പോർട്ടർ സുആദ് അൽ ഇമാം ആണ് വ്യാഴാഴ്ചയിലെ ഇസ്രായേൽ സേനയുടെ ബോംബാക്രമണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ഗസ്സയിൽ റാഫ സിറ്റിയിലെ കുവൈത്ത് ആശുപത്രിക്ക് സമീപം നിന്ന് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് തൊട്ടടുത്ത വീട്ടിൽ ബോംബ് വന്നു പതിച്ചത്. ഈസമയം താനും മറ്റുള്ളവരും ആശുപത്രിക്ക് മുന്നിൽ നിൽക്കുകയായിരുന്നു എന്ന് അൽ ഇമാം പറഞ്ഞു. കുവൈത്ത് നൽകുന്ന വൈദ്യസഹായം കവർ ചെയ്യുന്നതിനിടെയാണ് സംഭവം. തന്റെയും മറ്റുള്ളവരുടെയും മേൽ ചില കഷണങ്ങളും കല്ലുകളും വീണതായി അവർ വിശദീകരിച്ചു.
20 വർഷമായി കുവൈത്ത് ടി.വി, റേഡിയോ റിപ്പോർട്ടറാണ് അൽ ഇമാം.
ഗസ്സയിലെ സംഭവങ്ങളും വാർത്തകളും ദിനേന റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബോംബാക്രമണത്തിൽ വീട് പൂർണമായി നശിച്ചു. വീട്ടിലുണ്ടായിരുന്ന ആറുപേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു.
ഇതുവരെയുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണത്തിൽ 60ലധികം മാധ്യമപ്രവർത്തകർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഫലസ്തീൻ ഗവർണറേറ്റുകളിലെ മാധ്യമപ്രവർത്തകരുടെ വീടുകളും മാധ്യമ ഓഫിസുകളും നശിപ്പിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.