ഫലസ്തീന് സഹായവുമായി കുവൈത്ത് മെഡിക്കൽ സംഘം
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ഫലസ്തീനികൾക്ക് സഹായവുമായി കുവൈത്തിൽനിന്നുള്ള മെഡിക്കൽ സംഘം. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ (കെ.ആർ.സി.എസ്) സന്നദ്ധ മെഡിക്കൽ സംഘവുമായുള്ള വിമാനം വ്യാഴാഴ്ച ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. ഇവിടെനിന്ന് മെഡിക്കൽ സംഘം ഗസ്സയിലേക്ക് പുറപ്പെടും.
ശസ്ത്രക്രിയയിൽ വിദഗ്ധരായ മെഡിക്കൽ ടീം സംഘത്തിലുണ്ട്. ഫലസ്തീൻ മെഡിക്കൽ സംഘത്തെ പിന്തുണക്കാനും ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജോലി ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് കുവൈത്തിൽനിന്ന് മെഡിക്കൽ സംഘം പുറപ്പെട്ടത്. ഗസ്സയിലെ മുറിവേറ്റവർക്കും രോഗികൾക്കും കുവൈത്ത് സംഘം ആവശ്യമായ ചികിത്സകളും ശസ്ത്രക്രിയയും നടത്തുമെന്ന് കെ.ആർ.സി.എസ് സെക്രട്ടറി ജനറൽ മഹാ അൽ ബർജാസ് പറഞ്ഞു.
ഇസ്രായേൽ ആക്രമണം തുടരുന്നതിനാൽ ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾക്ക് വലിയ ക്ഷാമം നേരിടുന്നതായും ഇത്തരം വസ്തുക്കൾക്ക് ഗസ്സയിലേക്ക് പ്രവേശനം അനുവദിക്കണമെന്നും അൽ ബർജാസ് ചൂണ്ടിക്കാട്ടി. ഇസ്രായേൽ ആശുപത്രികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണം തുടരുകയാണ്.
ഇതിനാൽ ഫലസ്തീൻ, ഈജിപ്ഷ്യൻ സഹകരണത്തിൽ കെ.ആർ.സി.എസ് ഗസാൻ മെഡിക്കൽ മേഖലയിൽ ഫീൽഡ് ആശുപത്രി സ്ഥാപിക്കുമെന്നും അവർ വിശദീകരിച്ചു. ഇസ്രായേൽ ആക്രമണം ആരംഭിച്ചതുമുതൽ ഫലസ്തീന് കുവൈത്ത് മാനുഷിക സഹായം നൽകി വരുന്നുണ്ട്. ഭക്ഷണം, മരുന്നുകൾ, വസ്ത്രങ്ങൾ, മറ്റു അവശ്യ വസ്തുക്കൾ എന്നിവയുമായി കുവൈത്ത് ഇതുവരെ 46 വിമാനങ്ങൾ ഫലസ്തീനിലേക്ക് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.