വാർത്തകളും വിശകലനങ്ങളുമായി കുവൈത്ത് ചാനൽ രംഗത്തേക്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം വാർത്ത പ്രക്ഷേപണ ചാനൽ ആരംഭിക്കുന്നു. ജൂലൈയിൽ ചാനലിന്റെ പരീക്ഷണ പ്രക്ഷേപണം തുടങ്ങുമെന്ന് ഇൻഫർമേഷൻ മന്ത്രാലയം പ്രഖ്യാപിച്ചു. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ പിന്തുടരുന്നതിനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമായാണ് ചാനൽ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് കൾചർ മന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.
വാർത്താ ബുള്ളറ്റിനുകൾ, അവലോകനങ്ങൾ, സാംസ്കാരിക പരിപാടികൾ, ടോക്ക് ഷോ എന്നിവ ഉൾപ്പെടുന്നതാകും വാർത്ത ചാനലെന്ന് മന്ത്രാലയ വക്താവ് ഡോ. ബാദർ അൽ എനേസി അറിയിച്ചു. വിദേശ വിഷയങ്ങളിൽ കുവൈത്തിന്റെ വിദേശ നയവുമായി പൊരുത്തപ്പെടുന്നതായിരിക്കും ചാനലിന്റെ നയം. പ്രധാനപ്പെട്ട പ്രാദേശിക സംഭവങ്ങളും നേട്ടങ്ങളും ഉയർത്തിക്കാട്ടുന്നതിനും അവ രാജ്യത്തിന്റെ വാർത്ത ഇന്റർഫേസായി അവതരിപ്പിക്കുന്നതിനും പ്രവർത്തിക്കും.
സർക്കാർ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും ഉയർത്തി കാട്ടുന്നതിനും ചാനൽ നിലകൊള്ളും. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശങ്ങൾ, വിവിധ മന്ത്രാലയങ്ങൾ, മാധ്യമങ്ങൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയുമായി സഹകരിച്ചായിരിക്കും പ്രവർത്തനം.ടെലിവിഷൻ സംപ്രേക്ഷണം, ഫോട്ടോഗ്രഫി, സംവിധാനം, സ്റ്റുഡിയോകൾ എന്നീ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ചാനൽ ഉപയോഗിക്കും. ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ വൈദഗ്ധ്യവും സാങ്കേതിക സംഘങ്ങളെയും പ്രയോജനപ്പെടുത്തിയാകും പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.