കുവൈത്തിൽ വൈദ്യുതി മന്ത്രാലയം 1,02,000 വൈദ്യുതി സ്മാർട്ട് മീറ്റർ സ്ഥാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വൈദ്യുതി മീറ്റർ സ്മാർട്ട് ആക്കുന്ന പദ്ധതിയുടെ ഭാഗമായി 1,02,000 മീറ്ററുകൾ സ്ഥാപിച്ചതായി ജലം വൈദ്യുതി മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്‍റെ സേവനം പൂർണമായും ഡിജിറ്റൽ സ്വഭാവത്തിലേക്ക് മാറുന്നതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ഒക്ടോബറിൽ സ്‍മാർട്ട് മീറ്റർ പദ്ധതി ആരംഭിച്ചത്. വാണിജ്യ, നിക്ഷേപ മേഖലകൾ കഴിഞ്ഞാൽ റെസിഡൻഷ്യൽ മേഖലയിൽ പദ്ധതി നടപ്പാക്കും. അത്യാധുനിക ഡിജിറ്റൽ സംവിധാനത്തിലേക്ക് ജല, വൈദ്യുതി മന്ത്രാലയം മാറുകയാണ്. സ്മാർട്ട് മീറ്ററുകളിലൂടെ ഉപഭോക്താക്കൾക്ക് ഏത് സമയത്തും അതുവരെയുള്ള ഉപഭോഗം നിരീക്ഷിക്കാൻ കഴിയും. ഓൺലൈനായി ബിൽ അടക്കാനും സംവിധാനമുണ്ടാകും.
ബിൽ മുൻകൂട്ടി അടക്കാനും കഴിയും. മീറ്റർ തകരാറിലാണെങ്കിൽ മന്ത്രാലയ ആസ്ഥാനത്ത് ഉടൻ സൂചന ലഭിക്കും. ഇതുവഴി കേടായ മീറ്ററുകൾ വൈകാതെ നന്നാക്കാൻ കഴിയും. വെള്ളത്തിന്‍റെയും വൈദ്യുതിയുടെയും ഉപഭോഗം കുറക്കാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണ് സ്മാർട്ട് മീറ്ററുകളിലേക്ക് മാറുന്നത്. നിലവിലെ എല്ലാ മെക്കാനിക്കൽ മീറ്ററുകളും സ്‌മാർട്ടാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായി ഫർവാനിയ, ഹവല്ലി ഗവർണറേറ്റുകളിൽ നിക്ഷേപ, വാണിജ്യ മേഖലകളിൽ സ്‌മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന പദ്ധതി നേരത്തേ പൂർത്തിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.