വൻ വികസനപദ്ധതികളുമായി കുവൈത്ത് മുനിസിപ്പാലിറ്റി; സൂഖ് മുബാറക്കിയയും പരിസരവും മുഖംമിനുക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ സുന്ദര ഇടങ്ങളായ സൂഖ് മുബാറക്കിയയും പരിസരവും ഇനി കൂടുതൽ മോടികൂടും. വികസനവും നവീന സൗകര്യങ്ങളും ഇവിടെ ഒരുങ്ങും. രാജ്യത്തെ ഏറ്റവും പഴക്കമേറിയതും പൈതൃക വ്യാപാരകേന്ദ്രവുമായ സൂഖ് മുബാറക്കിയയിലും പരിസരത്തും വന്‍ വികസനപദ്ധതികൾക്ക് കുവൈത്ത് മുനിസിപ്പാലിറ്റി രൂപംനൽകി. 55 മില്യൺ ദീനാറിന്റെ വികസനപദ്ധതികളാണ് ഇവിടെ നടപ്പാക്കുക. ഇതിന് മുനിസിപ്പാലിറ്റി കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരം നൽകി. സൂഖ് മുബാറക്കിയ മാർക്കറ്റുകൾ, പാർക്കിങ് സ്ഥലങ്ങൾ, അവക്കു സമീപമുള്ള വാണിജ്യ മേഖലകൾ, മുനിസിപ്പൽ പാർക്ക് എന്നിവ ഇതിന്റെ ഭാഗമായി വികസിപ്പിക്കും.
സ്വകാര്യമേഖലയുടെ സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കുക. ഇതിനായി പ്രത്യേക ടെൻഡർ വിളിക്കും. പ്രദേശത്തെക്കുറിച്ച് മുമ്പ് നടത്തിയ പഠനങ്ങളും ഇറ്റാലിയൻ ചാൻസലർ മാർക്കോ ബെൽജിയോഗോസോ 1969ൽ നടത്തിയ ഏരിയൽ ഫോട്ടോഗ്രാഫുകളും മുനിസിപ്പാലിറ്റി അവലോകനം ചെയ്യും.
വികസനപദ്ധതികളുടെ ഭാഗമായി ബോട്ടിക് ഹോട്ടലും ആരാധനാലയങ്ങളും സൗദി അറേബ്യയുടെ സ്ഥാപകനായ ഇമാം അബ്ദുറഹ്മാൻ അൽ ഫൈസലിന്റെ പേരില്‍ മ്യൂസിയവും സ്ഥാപിക്കും. വികസനത്തിനുശേഷം പ്രദേശത്തേക്ക് കാറുകളുടെ പ്രവേശനത്തിന് പ്രത്യേക സൗകര്യം ഒരുക്കും. മുനിസിപ്പൽ പാർക്കിനു സമീപമുള്ള പ്രധാന കവാടങ്ങൾ, ബറാഹത്ത് അൽ ബഹാർ പാർക്കിങ്, ഗൾഫ് ബാങ്ക് പാർക്കിങ്, ഖിബ്ല സ്കൂളിന് എതിർവശത്തുള്ള പ്രവേശന കവാടം എന്നിവയിലൂടെ മുബാറക്കിയ പ്രദേശത്തേക്കുള്ള സന്ദർശകരുടെ പ്രവേശനത്തിനും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കും. കുവൈത്തിന്റെ ഏറ്റവും പൗരാണികമായ മാര്‍ക്കറ്റുകളില്‍ ഒന്നാണ് സൂഖ് മുബാറക്കിയ.
കുറഞ്ഞത് 200 വർഷമെങ്കിലും ഈ അങ്ങാടിക്ക് പഴക്കമുണ്ട്. പഴമയും പാരമ്പര്യവും ഇഴചേരുന്ന ഇവിടം നിരവധി മാര്‍ക്കറ്റുകളുടെ സമുച്ചയമാണ്. 21,000ത്തോളം വ്യാപാരസ്ഥാപനങ്ങൾ ഇവിടെയുണ്ട്. കുവൈത്ത് സിറ്റിയിൽ അബ്ദുല്ല അൽ മുബാറക്, അബ്ദുല്ല അൽ സലേം, ഫലസ്തീൻ സ്ട്രീറ്റുകൾ എന്നിവക്കിടയിലാണ് 1,31,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മുബാറക്കിയ സ്ഥിതിചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.