കുവൈത്ത്: പുതിയ താമസനിയമം നാളെ ദേശീയ അസംബ്ലിയിൽ
text_fieldsകുവൈത്ത് സിറ്റി: പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം എന്നിവ ഉൾക്കൊള്ളുന്ന പുതിയ താമസനിയമം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചേരുന്ന ദേശീയ അസംബ്ലി ചർച്ചചെയ്യും. അസംബ്ലി സമ്മേളന അജണ്ടയിൽ പ്രവാസികളുടെ താമസം സംബന്ധിച്ച കരട് നിയമം ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ താമസ നിയമത്തിന് കഴിഞ്ഞ സർക്കാർ അന്തിമ രൂപം നൽകിയിട്ടുണ്ട്. ഇതിൽ ദേശീയ അസംബ്ലിയിലെ നിർദേശങ്ങൾ കൂടി പരിഗണിച്ചാവും പുതിയ നിയമം പ്രാബല്യത്തിൽ വരുക.
പുതിയ താമസനിയമം പ്രതീക്ഷകളോടെയാണ് പ്രവാസികൾ കാത്തിരിക്കുന്നത്. കുടുംബവിസ, കുടുംബ സന്ദർശക വിസ എന്നിവയിൽ പുതിയ നിയമത്തിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ദീർഘകാലമായി നിർത്തിവെച്ച കുടുംബവിസ അടുത്തിടെയാണ് പുനരാരംഭിച്ചത്. എന്നാൽ 800 ദീനാർ പ്രതിമാസ ശമ്പളവും ബിരുദവും അപേക്ഷകന് നിർബന്ധമാക്കി.
മാനദണ്ഡങ്ങൾ കടുത്തതായതിനാൽ മിഡിൽ ക്ലാസ് കുടുംബങ്ങൾക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മാനദണ്ഡങ്ങളിൽ മാറ്റം വരുമോ എന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. കുടുംബ സന്ദർശന വിസ പുനരാരംഭിക്കുമോ എന്നതും പ്രവാസികൾ കാത്തിരിക്കുന്ന പ്രഖ്യാപനമാണ്. അതേസമയം, റസിഡൻസി പെർമിറ്റുകൾക്കും പുതുക്കലുകൾക്കും എൻട്രി വിസക്കും പുതിയ ഫീസ് നിരക്ക് വന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.
മണ്ഡലങ്ങളിലെ ഭേദഗതികൾ, ജീവിതച്ചെലവ് അലവൻസ്, പെൻഷൻകാർക്ക് പലിശ രഹിത വായ്പകൾ എന്നിവയും രണ്ടു ദിവസത്തെ ദേശീയ അസംബ്ലി അജണ്ടയിലെ വിഷയങ്ങളാണ്. അതിനിടെ, ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സദൂൻ ഞായറാഴ്ച മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അൽ മൗഷർജി, സാമൂഹിക, കുടുംബ, ബാലകാര്യ മന്ത്രി ശൈഖ് ഫെറാസ് അസ്സബാഹ്, ദേശീയ അസംബ്ലി കാര്യ സഹമന്ത്രിയും യുവജനകാര്യ സഹമന്ത്രിയും വാർത്താവിനിമയ സഹമന്ത്രിയുമായ ദാവൂദ് മറാഫി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.