കുവൈത്ത്: ആഘോഷ വേളയിൽ അമീറിന് ആശംസ
text_fieldsകുവൈത്ത് ദേശീയ വിമോചന ദിന വാർഷികാഘോഷ വേളയിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായുള്ള അനുഭവം പങ്കുവെക്കുകയാണ് മലയാളിത അമീറിന്റെ ഓഫീസ് ജീവനക്കാരനുമായ മുഹമ്മദ് ഉജൂബ്.
കുവൈത്തിന്റെ 17ാമത്തെ അമീറായ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ കുറിച്ചോർക്കുമ്പോൾ ആദ്യം കടന്നുവരുന്ന ചിന്ത അദ്ദേഹം മലയാളികളോട് കാണിക്കുന്ന അനുവാച്യമായ സ്നേഹവും കരുതലുമാണ്.
അമീർ ആകുന്നതിന് മുമ്പുതന്നെ അദ്ദേഹത്തിനൊപ്പം ധാരാളം മലയാളികൾ ജോലി ചെയ്തു വന്നിരുന്നു. അമീർ ആയതിന് ശേഷവും അവരെയെല്ലാം തന്നോടൊപ്പം ചേർത്തുനിർത്തി കരുതലും സ്നേഹവും പ്രകടിപ്പിച്ചുവരുന്നു. കഴിഞ്ഞ ആറ് വർഷമായി അദ്ദേഹത്തിന്റെ ഓഫിസിൽ ജോലി ചെയ്യുന്ന ഒരാളെന്ന നിലയിൽ അമീറിനെ കുറിച്ച് ദീപ്തമായ സ്മരണകളാണ് എന്നിൽ തുടിച്ചു നിൽക്കുന്നത്. കഠിനാധ്വാനിയായ അമീർ ദിവസവും കുറച്ചു സമയം എങ്കിലും ഞങ്ങളോടൊപ്പം ചെലവഴിക്കാറുണ്ട്. നല്ല ഒരു ഡിസൈനർ ആയ അദ്ദേഹത്തിന് ജോലിയോടുള്ള അഭിനിവേശം വർണനാതീതമാണ്. അത് ഞങ്ങൾക്ക് വല്ലാത്ത പ്രചോദനവും ഊർജവുമാണ്. രാജ്യത്തിന്റെ വികസന കാഴ്ചപ്പാടിൽ അമീറിന്റെ ദീർഘ വീക്ഷണവും കഠിനാധ്വാനവും കുവൈത്ത് എന്ന രാജ്യത്തെ ഉന്നതികളുടെ പാരമ്യത്തിൽ എത്തിക്കുമെന്നത് തീർച്ചയാണ്.
പാവങ്ങളോടുള്ള അദ്ദേഹത്തിന്റെ കാരുണ്യവും കരുതലും എടുത്തു പറയത്തക്ക സവിശേഷതയാണ്. അവശരും അശരണരുമായുള്ളവരിലേക്ക് അദ്ദേഹത്തിന്റെ കാരുണ്യ ഹസ്തം എപ്പോഴും നീളാറുണ്ട്. ഒപ്പം ദൈവവിശ്വാസത്തിൽ അടിയുറച്ച് ഇതര മതങ്ങളുമായി സഹിഷ്ണുത പുലർത്താൻ അമീർ പ്രത്യേകം ശ്രദ്ധ പുലർത്തിപ്പോരുന്നു. ഇതിനൊപ്പം അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന ശക്തനായ ഭരണാധികാരിയാണ് ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്.
കുവൈത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഭരണാധികാരിയായ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് രാജ്യത്തെ കൂടുതൽ യശസ്സിലേക്കും ഐശ്വര്യത്തിലേക്കും എത്തിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.