കൊറോണ കരിനിഴലിൽ കുവൈത്ത് ദേശീയ ദിനാഘോഷം
text_fieldsകുവൈത്ത് സിറ്റി: കോവിഡ് വ്യാപനം കുവൈത്തിന്റെ ദേശീയദിനാഘോഷത്തിൽ കരിനിഴൽ വീഴ്ത്തുന്നു. പ്രതിദിന കോവിഡ് കേസുകൾ സർവകാല റെക്കോഡ് ഭേദിക്കുന്ന അവസ്ഥയിൽ ഒത്തുകൂടലുകൾക്ക് ഇപ്പോൾ വിലക്ക് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷവും ആഘോഷ പരിപാടികൾ ഒഴിവാക്കിയിരുന്നു. അന്നത്തേക്കാൾ കേസുകൾ ഇപ്പോൾ അധികമാണ്. അതേസമയം, മരണനിരക്കും ഗുരുതരാവസ്ഥയും കുറവാണെന്നത് ആശ്വാസമാണ്. വിപുലമായ ആഘോഷം ഒഴിവാക്കി ഔദ്യോഗിക പരിപാടികൾ നിയന്ത്രണങ്ങളോടെ നാമമാത്രമായി നടത്താനാണ് സാധ്യത. ആഘോഷ പരിപാടികൾക്കായി ജനം ഒത്തുകൂടാനുള്ള സാധ്യത മുന്നിൽകണ്ട് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ ഇടയുണ്ട്.
ദേശീയദിനത്തോടനുബന്ധിച്ച് ഒമ്പതുദിവസം ഒഴിവു ലഭിക്കുന്നുണ്ട്. മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും അഞ്ചുദിവസത്തെ അവധി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിന് മുമ്പും ശേഷവുമുള്ള വെള്ളി, ശനി വാരാന്ത്യ അവധികൾ കൂടി ചേരുമ്പോഴാണ് ഒമ്പതുദിവസം ഒഴിവു ലഭിക്കുന്നത്. ഫെബ്രുവരി 24 വ്യാഴാഴ്ച അടക്കുന്ന സർക്കാർ സ്ഥാപനങ്ങളും മറ്റും മാർച്ച് ആറ് ഞായറാഴ്ച മുതലാണ് വീണ്ടും പ്രവർത്തിക്കുക.
ഫെബ്രുവരി 25, 26 തീയതികളിലാണ് കുവൈത്ത് ദേശീയ, വിമോചന ദിനാഘോഷം. 1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത്.
മൂന്നുവർഷം ജൂൺ 19 നായിരുന്നു കുവൈത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നത്. എന്നാൽ, 1964ൽ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റുകയായിരുന്നു.
രാജ്യത്തിന് സ്വാതന്ത്ര്യത്തിലേക്ക് വഴികാണിച്ച, ആധുനിക കുവൈത്തിന്റെ ശിൽപി എന്നറിയപ്പെടുന്ന, രാജ്യത്തിന്റെ 11ാമത് ഭരണാധികാരി അമീർ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹിന്റെ സ്ഥാനാരോഹണം നടന്ന 1950 ഫെബ്രുവരി 25ന്റെ സ്മരണയിൽ ആ ദിവസം ദേശീയദിനാഘോഷമായി നിശ്ചയിക്കുകയായിരുന്നു. പിന്നീട് അതിന് തൊട്ടടുത്ത ദിവസം തന്നെ ഇറാഖി അധിനിവേശത്തിൽനിന്ന് മുക്തി നേടിയ വിമോചന ദിനവും എത്തിയതോടെ ഫെബ്രുവരി 25, 26 തീയതികൾ ദേശീയ ആഘോഷ ദിനങ്ങളായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.