കുവൈത്തിൽ കാലാവസ്ഥക്ക് അനുയോജ്യമായ ആരോഗ്യ സംവിധാനം വേണം- ഡബ്ല്യു.എച്ച്.ഒ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവസ്ഥക്ക് അനുയോജ്യമായ ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കേണ്ടത് പ്രാധാനമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ).
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും കാലാവസ്ഥമാറ്റം സൃഷ്ടിക്കുന്ന ആരോഗ്യ അപകടസാധ്യതകൾ നിർണയിക്കുന്നതിനും പൊരുത്തപ്പെടാനും ഇത് സഹായിക്കുമെന്നും കുവൈത്തിലെ ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. ആസാദ് ഹഫീസ് പറഞ്ഞു.
‘കാലാവസ്ഥ വ്യതിയാനം, ആരോഗ്യ അപകടസാധ്യത, പൊരുത്തപ്പെടുത്തൽ, വിലയിരുത്തൽ’ എന്ന തലക്കെട്ടിൽ ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ മന്ത്രാലയത്തിലെ പാരിസ്ഥിതിക ആരോഗ്യ യൂനിറ്റുമായി സഹകരിച്ചാണ് ശിൽപശാല നടന്നത്. കാലാവസ്ഥ വ്യതിയാനം ഒരു അന്താരാഷ്ട്ര അടിയന്തര പ്രശ്നമാണ്. ചികിത്സാരംഗത്തെ ദശാബ്ദങ്ങളുടെ പുരോഗതിയെ തുരങ്കം വെക്കാൻ ഇതിന് കഴിയും.
കാലാവസ്ഥ വ്യതിയാനം മൂലമുള്ള ഭീഷണികൾ വർധിച്ചുവരുന്നതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ സ്ഥിതി ചെയ്യുന്ന മേഖലയിൽ താപനിലയുടെ വർധന ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ട്. പ്രകൃതിയിലും മനുഷ്യരിലും പ്രത്യക്ഷമായും പരോക്ഷമായും ഇവ ബാധിക്കുമെന്നും അദ്ദേഹം ഉണർത്തി. കുവൈത്തിലെ ലോകാരോഗ്യ സംഘടന 2022ൽ അന്തരീക്ഷ മലിനീകരണത്തിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് ദേശീയ പരിശീലന ശിൽപശാല നടത്തിയതും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.