തലശ്ശേരി പെരുമയുടെ കുവൈത്ത് വർത്തമാനങ്ങൾ
text_fieldsഇന്ത്യൻ സർക്കസിെൻറ ജന്മദേശം, ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് കളി ആരംഭിച്ച സ്ഥലം, മലയാളത്തിലെ ആദ്യത്തെ നോവൽ 'ഇന്ദുലേഖ' രചിച്ച ഒ. ചന്തുമേനോെൻറ നാട്, കേരളത്തിലെ ആദ്യത്തെ ബേക്കറി മമ്പള്ളി റോയൽ ഫാക്ടറി ആദ്യമായി ക്രിസ്മസ് കേക്ക് പരിചയപ്പെടുത്തിയത്, ഏറ്റവും സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങളായ ദം ബിരിയാണി, മുട്ടമാല, അപ്പത്തരങ്ങൾ... അങ്ങനെ തലശ്ശേരി പെരുമക്ക് കാരണങ്ങൾ ഏറെയാണ്. പേരും പെരുമയുള്ള തലശ്ശേരിക്കാർ ലോകത്തെവിടെ എത്തിയാലും അതിനൊത്ത ഗരിമ കൈവിടുന്നില്ല.
കുവൈത്തിലെ തലശ്ശേരി നിവാസികളുടെ കൂട്ടായ്മയാണ് തലശ്ശേരി വെൽഫെയർ അസോസിയേഷൻ. ഒൗദ്യോഗിക രൂപം പ്രാപിച്ചശേഷം സേവനപാതയിൽ മൂന്നുവർഷം പിന്നിടുമ്പോൾ സാമൂഹിക–ജീവകാരുണ്യ രംഗത്ത് സംഭാവനകൾ നിരവധി. പ്രളയകാലത്ത് ദുരിതമനുഭവിച്ച ഭവനരഹിതരായ വയനാട്ടിലെ പനമരത്തെ ഒരു കുടുംബത്തിനും നിർധയരായ തലശ്ശേരിയിലെ രണ്ടു കുടുംബത്തിനും വീട് നിർമിച്ചുനൽകി.
മരുന്നിന് കാശില്ലാതെ ബുദ്ധിമുട്ടുന്ന രോഗികൾക്ക് മാസംതോറും ചികിത്സാസഹായം, നിർധനരായ നിരവധി കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ, മാസംതോറും നൽകിവരുന്ന വിധവ പെൻഷൻ, പാവപ്പെട്ട കുടുംബങ്ങൾക്ക് പെരുന്നാൾ പുടവ, കുടിവെള്ളക്ഷാമം നേരിടുന്ന കർണാടകയിലെ പൊന്നാമ്പേട്ടും വയനാട്ടിലും നിർമിച്ചുനൽകിയ പൊതുകിണറുകൾ, നിർമാണം പുരോഗമിക്കുന്ന രണ്ട് കിണറുകൾ... ഇങ്ങനെ പോകുന്നു സംഘടനയുടെ ജീവകാരുണ്യരംഗത്തെ പ്രവർത്തന മുദ്രകൾ.
കോവിഡ് സാഹചര്യത്തിൽ തലശ്ശേരി എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന സിലിണ്ടർ ചലഞ്ചിലും തലശ്ശേരി സർക്കാർ ആശുപത്രി നവീകരണ പ്രക്രിയയിലും സഹകരിച്ചുപ്രവർത്തിക്കുന്നു.
ഓൺലൈൻ പഠനത്തിനായി നിർധനവിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. അംഗങ്ങൾക്ക് പ്രത്യേക ക്ഷേമനിധി ഏർപ്പെടുത്തിയും അടിയന്തര സാഹചര്യങ്ങളിൽ പ്രത്യേക സഹായം നൽകിയും കൂടെയുള്ളവരെ ചേർത്തുനിർത്തുന്നു. നാട്ടിലുള്ള നിസ്സഹായരെ സഹായിക്കാൻ സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി ചെറുകിട സ്ഥാപനങ്ങാൻ സാമ്പത്തികസഹായം നൽകിവരുന്നു.
ഭിന്നശേഷിക്കാർക്കാണ് ഇതിൽ മുൻഗണന. സേവനപ്രവർത്തനങ്ങളിൽ നാട്ടിലുള്ള സന്നദ്ധ സംഘടനകളുമായും സഹകരിക്കുന്നു. കലാസാംസ്കാരിക രംഗത്തും തലശ്ശേരി വെൽഫെയർ അസോസിയേഷൻ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നു.
വിശേഷാവസരങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തുന്ന കലാപരിപാടികൾ,തലശ്ശേരി വിഭവങ്ങളും കലാകായിക പരിപാടികളും ഉൾപ്പെടുത്തി നടത്തുന്ന സ്നേഹസംഗമം എന്നിവ ഇതിെൻറ ഭാഗമാണ്.വിപുലീകരണ ഭാഗമായി അംഗത്വ കാമ്പയിൻ നടത്തിവരുന്നു. കുവൈത്ത് സിറ്റി, സാൽമിയ, ഫഹഹീൽ, ഫർവാനിയ സോണലുകളിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനം.
ഹംസ മേലേക്കണ്ടി (മുഖ്യ രക്ഷാധികാരി), പി.കെ. അഹമ്മദ് (രക്ഷാധികാരി), നിസാം നാലകത്ത് (ചെയർമാൻ), സത്താർ (പ്രസിഡൻറ്), എൻ.കെ. നൗഷാദ് (ജനറൽ സെക്രട്ടറി), പി.പി. ഫൈസൽ (ആക്ടിങ് സെക്രട്ടറി), തൻവീർ (ട്രഷറർ) തുടങ്ങി പ്രധാന ഭാരവാഹികൾ ഉൾപ്പെടുന്ന 21 എക്സിക്യൂട്ടിവ് അംഗങ്ങൾ ചേർന്നാണ് നിലവിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.