പുതിയ പര്യവേക്ഷണ ശ്രമങ്ങളുമായി കുവൈത്ത് ഓയിൽ കമ്പനി
text_fields
കുവൈത്ത് സിറ്റി: നുഖാദ സമുദ്രമേഖലയിൽ എണ്ണ-വാതക ശേഖരം കണ്ടെത്തിയതിനു പിറകെ പുതിയ പര്യവേക്ഷണ ശ്രമങ്ങളുമായി കുവൈത്ത് ഓയിൽ കമ്പനി (കെ.ഒ.സി). പുതിയ പര്യവേക്ഷണ കിണർ കുഴിക്കുന്നതിനുള്ള തയാറെടുപ്പിനായി ഓഫ്ഷോർ ഡ്രില്ലിങ് പ്ലാറ്റ്ഫോമായ ഓറിയന്റൽ ഫീനിക്സ് ഡ്രില്ലിങ് റിഗ് ജാസ സ്ട്രിപ്പിലേക്ക് മാറ്റിയതായി (ജാസ 1) കെ.ഒ.സി വ്യക്തമാക്കി. കുവൈത്തിന്റെ ജല അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ജാസ സ്ട്രിപ് വലിയ ഹൈഡ്രോകാർബൺ വിഭവങ്ങൾ ഉൾക്കൊള്ളുന്ന മേഖലയാണ്. ഓറിയന്റൽ ഫീനിക്സ് പുതിയ സ്ഥലത്തേക്ക് മാറ്റുന്ന പ്രക്രിയ സുഗമമായും പരിക്കുകളോ കാലതാമസമോ കൂടാതെ നടന്നതായും കെ.ഒ.സി വ്യക്തമാക്കി. കുവൈത്ത് സമുദ്രമേഖലയിലെ ക്രിറ്റേഷ്യസ്, ജുറാസിക് കാലഘട്ടങ്ങളിലെ പാളികൾ പര്യവേക്ഷണം ചെയ്യുന്ന നിലവിലെ പര്യവേക്ഷണ ഘട്ടം ലക്ഷ്യമിടുന്ന നാല് മേഖലകളിൽ ഒന്നാണ് ജാസ സ്ട്രിപ്പ്. നിലവിലെ ഘട്ടത്തിൽ ആറ് പര്യവേക്ഷണ കിണറുകൾ കുഴിക്കും. ഇതിന്റെ ഫലങ്ങളെ അടിസ്ഥാനമാക്കി കൂടുതൽ കൃത്യമായ ഡാറ്റ ലഭിക്കുന്നതിനായി കുവൈത്ത് സമുദ്രത്തിലെ വിവിധ മേഖലകളിൽ കമ്പനി ത്രിമാന സർവേയും നടത്തും.
അടുത്തിടെ എണ്ണപ്പാടം കണ്ടെത്തിയ നുഖാദ സമുദ്രമേഖലയിൽ നിന്ന് ഉൽപാദനത്തിനായുള്ള പദ്ധതി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് കെ.ഒ.സി. കഴിയുന്നത്ര വേഗത്തിൽ ഉൽപാദനത്തിലേക്ക് പ്രവേശിക്കാനും കണ്ടെത്തിയ ഹൈഡ്രോകാർബൺ ഉറവിടങ്ങളിൽ നിന്ന് പൂർണ പ്രയോജനം നേടാനുമാണ് ശ്രമം.
ഇത് രാജ്യത്തിന്റെ വികസന പദ്ധതി ശക്തിപ്പെടുത്തുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇടയാക്കുമെന്നാണ് പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.