സഹായവുമായി കുവൈത്ത് സന്നദ്ധ സംഘടനകൾ
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലെ ദുരിതംപേറുന്ന ജനങ്ങളെ സഹായിക്കുന്നതിനായി കുവൈത്ത് സന്നദ്ധസംഘടനകൾ പ്രയത്നം തുടരുന്നു. ‘ഫസാ ഫോർ ഫലസ്തീൻ’ എന്ന കുവൈത്ത് കാമ്പയിനിൽ ഇതുവരെ ഏകദേശം 10.5 ദശലക്ഷം ഡോളർ സമാഹരിച്ചു. 60,000ത്തിലധികം പേർ പങ്കാളികളായി. 23 കുവൈത്ത് ചാരിറ്റബ്ൾ സൊസൈറ്റികളും ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റബ്ൾ ഓർഗനൈസേഷനും (ഐ.ഐ.സി.ഒ) ഇതിൽ പങ്കാളികളായതായി ഐ.ഐ.സി.ഒ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ബാദർ പറഞ്ഞു.
ഗസ്സയിൽ അടിയന്തര ദുരിതാശ്വാസസഹായം ഉറപ്പാക്കാൻ കഠിനമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിലെ അൽ ദുറ ചിൽഡ്രൻസ് ഹോസ്പിറ്റൽ, അൽ കരാമ ഹോസ്പിറ്റൽ, ഹൈഫ ചാരിറ്റി ഹോസ്പിറ്റൽ തുടങ്ങി നിരവധി ആശുപത്രികളുടെ സേവനം വർധിപ്പിക്കാനും ശ്രമം നടത്തിവരുന്നു.
വാടക അലവൻസ്, ഷെൽട്ടർ പാർസലുകൾ, ദുരിതബാധിതരായ കുടുംബങ്ങൾക്ക് പുതപ്പുകൾ, വസ്ത്രങ്ങൾ, പർച്ചേസ് വൗച്ചറുകൾ എന്നിവ നൽകുന്നതിനു പുറമെ കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്കും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നവർക്കും ഭക്ഷണം നൽകുന്നതും ദുരിതാശ്വാസ പദ്ധതികളിൽ ഉൾപ്പെടുന്നതായി അദ്ദേഹം വിശദീകരിച്ചു.
വെള്ളവും വൈദ്യുതിയും ഭക്ഷണവും മരുന്നും ഇല്ലാതെ ഗസ്സയിലെ ജനങ്ങൾ ദുരിതം അനുഭവിക്കുന്നു. കുട്ടികളുടെയും മുറിവേറ്റവരുടെയും നിലവിളികളോട് പ്രതികരിക്കാൻ തങ്ങൾക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം അടിവരയിട്ടു.
1988 മുതൽ ഫലസ്തീനിലെ ജനങ്ങളെ ഐ.ഐ.സി.ഒ മാനുഷികമായി പിന്തുണക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 54 മില്യൺ ഡോളറിന്റെ സഹായം നൽകി. വികസനം, സാംസ്കാരികം, ആരോഗ്യം, സാമൂഹികം, വിദ്യാഭ്യാസം, ദുരിതാശ്വാസ പദ്ധതികൾ എന്നിവക്ക് മുൻഗണന നൽകിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.