കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ്
text_fieldsവനിത സംവരണം സർക്കാർ പരിഗണനയിൽ
കുവൈത്ത് സിറ്റി: പാർലമെൻറ് തെരഞ്ഞെടുപ്പിൽ വനിത സംവരണം ഏർപ്പെടുത്തണമെന്ന നിർദേശം സർക്കാർ പരിഗണയിൽ. വൈകാതെ ഇത് പ്രാവർത്തികമാകുമെന്നാണ് പ്രതീക്ഷ. ഓരോ അസ്സംബ്ലി നിയോജകമണ്ഡലങ്ങളിലും ഒന്നോ രണ്ടോ സീറ്റ് വനിതകൾക്കായി സംവരണം ചെയ്യണമെന്ന നിർദേശത്തിന് കാബിനറ്റ് നിയമകാര്യ സമിതി അംഗീകാരം നൽകിയിരുന്നു.
മുൻ സ്പീക്കർ മർസൂഖ് അൽഗാനിം ആണ് വനിത സംവരണ ബിൽ മുന്നോട്ടുവെച്ചത്. ഓരോ നിയോജക മണ്ഡലത്തിലും സ്ത്രീകൾക്ക് േക്വാട്ട നിശ്ചയിക്കുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് നിയമത്തിൽ ഭേദഗതി വരുത്തണമെന്നായിരുന്നു നിർദേശം. ഇങ്ങനെ വരുമ്പോൾ പത്തു മണ്ഡലങ്ങളിൽ നിന്നായി കുറഞ്ഞത് അഞ്ചു വനിതകൾ പാർലമെന്റിൽ എത്തുമെന്ന് മർസൂഖ് അൽഗാനിം ചൂണ്ടിക്കാട്ടിയിരുന്നു. കാബിനറ്റ് നിയമകാര്യ സമിതി നിർദേശം പഠിച്ച് അംഗീകരിച്ചു. കാബിനറ്റ് തീരുമാനത്തിന് വിട്ടതായാണ് റിപ്പോർട്ട്. എന്നാൽ, സെപ്റ്റംബർ അവസാനം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനു ശേഷമാകും ഇതു സംബന്ധിച്ച തീരുമാനം എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്.
താൽക്കാലികമായതിനാൽ നിലവിലെ സർക്കാർ ഈ നിർദേശം പരിഗണിക്കില്ലെന്നും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചശേഷം രൂപവത്കരിക്കുന്ന പുതിയ സർക്കാറിന്റെ അജണ്ടയിൽ ഈ നിർദേശം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ.
പിരിച്ചുവിട്ട പാർലമെന്റിൽ സമർപ്പിച്ചതിനാൽ കരട് നിർദേശം അസാധുവാണെന്നും പുതിയ പാർലമെന്റിൽ വീണ്ടും അവതരിപ്പിക്കേണ്ടിവരുമെന്നും അഭിപ്രായം ഉണ്ട്.
എന്നാൽ, ചർച്ച ചെയ്യേണ്ട ഒരു നിർദിഷ്ട നിയമമായി പുതിയ സർക്കാർ തന്നെ വിഷയം അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. പാർലമെന്റിൽ നിയമ നിർമാണ സമിതിയും ആഭ്യന്തര പ്രതിരോധ കമ്മിറ്റികളുടെയും വിലയിരുത്തലിനുശേഷമാണു പാർലമെന്റിൽ വരുന്ന ഒരു നിർദേശം വോട്ടിങ് നടപടിക്ക് വിധേയമാക്കുക.
സമൂഹത്തിൽ സ്ത്രീകളുടെ പദവി സ്ഥിരീകരിക്കാനും പാർലമെന്റിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം ഉണ്ടാകാനുമുള്ള നിർദേശത്തെ സർക്കാർ താല്പര്യത്തോടെയാണ് കാണുന്നത്. സമ്മതിദാനാവകാശവും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരവും നൽകി സ്ത്രീകളെ ജനാധിപത്യപ്രക്രിയയിൽ ഭാഗമാക്കിയ ആദ്യ ജി.സി.സി രാജ്യമാണ് കുവൈത്ത്. 2005 മേയിലാണ് രാജ്യ ചരിത്രത്തിൽ ആദ്യമായി മുനിസിപ്പൽ, പാർലമെൻറ് തെരഞ്ഞെടുപ്പുകളിൽ വനിതകൾക്ക് വോട്ടവകാശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.