കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് ഇൗ വർഷം നടത്താൻ ഒരുക്കം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് 2020ൽ തന്നെ നടത്താൻ വിവിധ സർക്കാർ ഏജൻസികൾ ഒരുക്കം തുടങ്ങിയതായി റിപ്പോർട്ട്. നവംബർ 28, ഡിസംബർ അഞ്ച് എന്നീ രണ്ട് തീയതികളാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, തീയതിയുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. നാലുവർഷ പാർലമെൻറിെൻറ കാലാവധി സെപ്റ്റംബർ 10ന് അവസാനിക്കുകയാണ്. കോവിഡ് പ്രതിസന്ധി മുന്നിലുള്ളതിനാൽ ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ചേർന്നാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുക.
രാജ്യത്തെ ആരോഗ്യസ്ഥിതിയും തെരഞ്ഞെടുപ്പ് എങ്ങനെ നടത്താനാവും എന്നതും സംബന്ധിച്ച് സെപ്റ്റംബർ അവസാനത്തിനുമുമ്പ് റിപ്പോർട്ട് നൽകാൻ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാൻ ഇത്തവണ വോെട്ടടുപ്പ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കർശന നിയന്ത്രണമുണ്ടാവും. ഒരു മാസത്തോളം തമ്പ് കെട്ടി പ്രചാരണം നടത്താറുണ്ട്.
ഇവിടെ ഭക്ഷണവും പാനീയങ്ങളും നൽകുന്നതിലും മാർഗനിർദേശവും നിയന്ത്രണങ്ങളുമുണ്ടാവും. വോട്ടർമാരുടെ പങ്കാളിത്തത്തിലും ആശങ്കയുണ്ട്. അടുത്ത മാസങ്ങളിൽ കോവിഡ് കുറേക്കൂടി നിയന്ത്രണത്തിലാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ 70 ശതമാനമായിരുന്നു പോളിങ്. 50 അംഗ പാർലമെൻറിൽ 20 സീറ്റുകളിൽ വിജയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു.
കുവൈത്തിൽ പാർട്ടി സംവിധാനത്തിലല്ല തെരഞ്ഞെടുപ്പ് എങ്കിലും സലഫി, ഇഖ്വാനി പിന്തുണയുള്ള കക്ഷികൾ പരോക്ഷമായി ബ്ലോക്ക് ആയി പ്രതിപക്ഷത്തുണ്ട്. അഞ്ച് പാർലമെൻറ് മണ്ഡലങ്ങളിൽ ഒാരോന്നിൽനിന്നും പത്തുപേരെയാണ് തെരഞ്ഞെടുക്കുക. 21 വയസ്സ് തികഞ്ഞ കുവൈത്ത് പൗരനായിരിക്കണം, പിതാവും കുവൈത്തി പൗരനാവണം, തെരഞ്ഞെടുപ്പ് സമയത്ത് കുവൈത്തിൽ താമസിക്കുന്നയാളാവണം എന്നീ നിബന്ധനകൾക്ക് വിധേയമായാണ് വോട്ടവകാശം. രാജ്യത്തിന് പുറത്തുള്ള പൗരന്മാർക്ക് വോട്ടില്ല. തടവുപുള്ളികൾ, 20 വർഷത്തിനുള്ളിൽ പൗരത്വം നേടിയവർ, പൊലീസുകാർ, സൈനികർ, കൊടുംകുറ്റവാളികൾ എന്നിവർക്കും വോട്ടുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.