60ാം വാർഷിക നിറവിൽ കുവൈത്ത് പാസ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാസ്പോർട്ട് ആരംഭിച്ചതിനുശേഷം ആറു പതിറ്റാണ്ട് പിന്നിട്ടു. മുൻ അമീർ ശൈഖ് അബ്ദുല്ല സാലിം അസ്സബാഹിന്റെ ഭരണകാലത്താണ് (1962 ജൂലൈ 10) കുവൈത്ത് പാസ്പോർട്ട് രാജ്യത്തിന്റെ പരമാധികാര രേഖയായി അംഗീകരിച്ചത്. രാജ്യം സ്വാതന്ത്ര്യം നേടിയതിനെതുടർന്ന് സ്വന്തം പാസ്പോർട്ട് ഇഷ്യൂ ചെയ്തത് പരമാധികാരചരിത്രത്തിൽ നിർണായകഘട്ടമാണ്. ആദ്യ കാലത്ത് ഇന്ത്യൻ രൂപയായിരുന്നു രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നത്. ആദ്യ പാസ്പോർട്ടിന് ഒരു രൂപയായിരുന്നു ഫീസ്.
കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി പാസ്പോർട്ട് ആധുനീകരണത്തിന്റെ നിരവധി ഘട്ടങ്ങൾക്ക് വിധേയമായിട്ടുണ്ട്. 2018ൽ ആദ്യമായി പുറത്തിറക്കിയ പുതിയ ബയോമെട്രിക് പാസ്പോർട്ട് അഥവാ ഇ-പാസ്പോർട്ട്, ലോക സാങ്കേതിക, സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്ന അറബ് മേഖലയിലെ ഏറ്റവും ആധുനിക പാസ്പോർട്ടുകളിൽ ഒന്നാണ്. ഹെന്‍ലി പാസ്പോര്‍ട്ട് ഇൻഡക്സ് അനുസരിച്ച് ലോകത്തിലെ മൂല്യമേറിയ പാസ്പോര്‍ട്ടുകളുടെ കൂട്ടത്തില്‍ കുവൈത്ത് 56ാം റാങ്കിലാണുള്ളത്.
കുവൈത്ത് പാസ്പോര്‍ട്ട് ഉപയോഗിച്ച് 95 രാജ്യങ്ങളിലേക്ക് വിസ കൂടാതെ സഞ്ചരിക്കാം. ജി.സി.സി രാജ്യങ്ങളില്‍ കുവൈത്തിന് രണ്ടാം സ്ഥാനമാണ്. യു.എ.ഇയാണ് ഒന്നാം സ്ഥാനത്ത്.
കുവൈത്ത് പാസ്പോർട്ട് ഇഷ്യൂ ചെയ്ത് ആറു പതിറ്റാണ്ട് പിന്നിട്ടത് ഔദ്യോഗികതലത്തിൽ ആഘോഷിക്കാൻ പദ്ധതിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷനാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ്സ് ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൽ ഖിദർ പറഞ്ഞു. യു.എൻ ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഓർഡിനറി, ഡിപ്ലോമാറ്റിക്, സ്പെഷൽ എന്നിങ്ങനെ മൂന്നു തരം പാസ്പോർട്ട് ഇപ്പോൾ ഇഷ്യൂ ചെയ്തുവരുന്നു.
64 പേജുള്ള പാസ്പോർട്ടിൽ എല്ലാ വിവരങ്ങളും ഇംഗ്ലീഷിലും അറബിയിലുമുണ്ട്.
2018ൽ ഇന്റർനാഷനൽ ഹൈ സെക്യൂരിറ്റി പ്രിന്റിങ് കോൺഫറൻസിൽ സാങ്കേതികമികവോടെ യാത്രാരേഖ പരിഷ്കരിച്ചതിനുള്ള പുരസ്കാരം കുവൈത്ത് പാസ്പോർട്ട് സ്വന്തമാക്കിയിരുന്നു.
അന്നത്തെ കുവൈത്ത് ആഭ്യന്തര മന്ത്രിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. 2022 ജൂൺ അവസാനം വരെ 1,88,000 കുവൈത്ത് പാസ്പോർട്ടാണ് ഇഷ്യൂ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.