കടൽജീവിത ഓർമകളുമായി ‘മുത്തുപെറുക്കാൻ...’
text_fieldsകുവൈത്ത് സിറ്റി: കടലിൽ തങ്ങളുടെ പൂർവികർ നടത്തിയിരുന്ന സാഹസിക യാത്രയുടെയും നിരവധി പേരുടെ പ്രധാന ജീവിത സ്രോതസ്സായിരുന്ന മുത്തുപെറുക്കലിന്റെയും ഓർമകൾ ഉണർത്തി കുവൈത്ത് പേൾ ഡൈവിങ് ഫെസ്റ്റിവലിന് ശനിയാഴ്ച തുടക്കമാകും.
കുവൈത്ത് സീ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ 32ാമത് എഡിഷനാണിത്. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ സ്പോൺസർഷിപ്പിലാണ് ഫെസ്റ്റിവൽ.
കോവിഡ് കാരണം നിർത്തിവെച്ച ഫെസ്റ്റിവൽ മൂന്നു വർഷത്തെ ഇടവേളക്കു ശേഷമാണ് തിരികെ എത്തുന്നത്. ഫെസ്റ്റിന്റെ ഭാഗമായി വ്യത്യസ്തമായ ചടങ്ങുകൾ സംഘടിപ്പിക്കും. രണ്ടു പായ ഘടിപ്പിച്ച മരക്കപ്പലുകളിലായി 60ഓളം യുവ കുവൈത്തികൾ ഇതിന്റെ ഭാഗമാകും. അന്തരിച്ച അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സമ്മാനിച്ച രണ്ടു കപ്പലുകളിലാണ് ഈ യാത്ര. കപ്പലുകൾ കരയിൽനിന്ന് പുറപ്പെടുന്ന ‘ദശ’ ചടങ്ങ് ശനിയാഴ്ച നടക്കും. ആറാം ദിവസമായ വ്യാഴാഴ്ച കപ്പലുകൾ കരയിലേക്ക് മടങ്ങും. ‘അൽ ഗഫൽ’ എന്നാണ് ഈ ദിനം അറിയപ്പെടുക.
വർഷങ്ങൾക്കു മുമ്പ് കുവൈത്തികൾ മുത്തുപെറുക്കാൻ മനുഷ്യനിർമിത കപ്പലുകളിൽ നടത്തിയ യാത്രകളുടെ പുനരുജ്ജീവനമാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം.
പൂർവികരുടെ കഠിനാധ്വാനത്തിന്റെയും സാഹസികതയുടെയും കഥകൾ ഇതിലൂടെ തലമുറകൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. 1986ലാണ് കുവൈത്ത് സീ സ്പോർട്സ് ക്ലബ് ഈ വാർഷിക ഫെസ്റ്റിവലിന് തുടക്കമിട്ടത്. വാർത്താവിതരണ മന്ത്രാലയം പങ്കെടുത്തവർക്ക് അഞ്ചു ചെറുകപ്പലുകളും നൽകി.
പിന്നീട് അന്തരിച്ച അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും കപ്പലുകൾ സമ്മാനിച്ചു. കുവൈത്തിലെ ഒരു തലമുറയുടെ കഥയും നേരനുഭവങ്ങളും ഇതിലൂടെ പുനരാവിഷ്കരിക്കപ്പെടുന്നു. രാജ്യത്തെ പുതുതലമുറ ആവേശത്തോടെ അത് കൊണ്ടാടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.