കുവൈത്തും ഫിലിപ്പീൻസും തൊഴിൽ കരാർ ഒപ്പുവെച്ചു
text_fieldsകുവൈത്ത് സിറ്റി: ദീർഘനാളായി നിലനിൽക്കുന്ന പ്രശ്നത്തിന് പരിഹാരമായി കുവൈത്തും ഫിലിപ്പീൻസും തൊഴിൽ കരാറിൽ ഒപ്പുവെച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹും ഫിലിപ്പീൻസ് വിദേശകാര്യ സെക്രട്ടറി അലൻ പീറ്റർ കയൻറാനോയുമാണ് കരാറിൽ ഒപ്പുവെച്ചത്. കുവൈത്തിൽ ജോലി ചെയ്യുന്ന ഫിലിപ്പീൻസ് തൊഴിലാളികൾക്ക് അനുകൂലമായ ഒട്ടനവധി വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് കരാർ. ഫിലിപ്പിനോകൾക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട്ലൈൻ നമ്പറും സ്ഥാപിക്കും.
തൊഴിലാളികൾക്ക് മൊബൈൽ ഫോൺ കൈവശം വെക്കാം. എന്തെങ്കിലും പ്രയാസം അനുഭവിക്കുകയാണെങ്കിൽ ഇതുപയോഗിച്ച് എംബസി മുഖേന കുവൈത്ത് അധികൃതരെ ബന്ധപ്പെട്ട് പരിഹാരം കാണാം, എട്ടുമണിക്കൂർ വിശ്രമം അനുവദിക്കണം, പാസ്പോർട്ട് സ്പോൺസർ പിടിച്ചുവെക്കരുത്, ഒരു സ്പോൺസർക്ക് കീഴിൽ മാത്രം തൊഴിലെടുപ്പിക്കാൻ പാടുള്ളൂ തുടങ്ങിയ വ്യവസ്ഥകൾ ഉണ്ട്. തൊഴിൽ പീഡനമുൾപ്പെടെ അവകാശ നിഷേധത്തിന് കേസുള്ള സ്പോൺസർമാർക്ക് തൊഴിലാളികളെ വീണ്ടും ലഭ്യമാക്കാൻ പാടില്ല.
ഗാർഹികത്തൊഴിലാളികൾക്ക് പുറമെ മറ്റു തൊഴിലാളികൾക്കും ചൂഷണങ്ങളിൽനിന്ന് മുക്തി നൽകുന്ന വ്യവസ്ഥകൾ കരാറിലുണ്ട്. ഫിലിപ്പീൻസ് എംബസിക്ക് തൊഴിലാളികളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണാൻ പൊലീസിൽ പ്രത്യേക യൂനിറ്റ് സ്ഥാപിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്. എംബസിയുടെ ഷെൽട്ടറിൽ അഭയം തേടിയ 800ഒാളം ഫിലിപ്പീനികളെ തിരിച്ചുപോരാൻ അനുവദിക്കും. വിവിധ കാരണങ്ങളാൽ എംബസിയുടെ സഹായം തേടിയ 120 തൊഴിലാളികളുടെ പ്രശ്നം അനുഭാവപൂർവം പരിഗണിച്ച് നടപടികൾ സ്വീകരിക്കും. 2,62,000 ഫിലിപ്പീൻസ് തൊഴിലാളികളാണ് കുവൈത്തിൽ ഉള്ളത്. ഇതിൽ 60 ശതമാനവും ഗാർഹികത്തൊഴിലാളികളാണ്.
തൊഴിൽ കരാർ ഒപ്പുവെച്ചതോടെ കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിന് ഫിലിപ്പീൻസ് ഏർപ്പെടുത്തിയ വിലക്ക് ഭാഗികമായി പിൻവലിക്കും. ഇതുസംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ ദുതെർതിെൻറ ഉത്തരവുണ്ടാവും. കുവൈത്ത് പുറത്താക്കിയ ഫിലിപ്പീൻസ് അംബാസഡർ റെനാറ്റോ വില്ലക്ക് പകരക്കാരൻ അടുത്ത ദിവസം കുവൈത്തിലെത്തും. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്. കുവൈത്തും ഫിലിപ്പീൻസും തമ്മിൽ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നും രണ്ടു പക്ഷത്തിെൻറയും ഉത്തമതാൽപര്യങ്ങൾക്ക് അനുഗുണമായ രീതിയിൽ നല്ല ബന്ധം കാത്തുസൂക്ഷിക്കുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അൽഖാലിദ് അസ്സബാഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.