രാജ്യത്തെ ജനസംഖ്യ 43.85 ലക്ഷം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യ നിരക്കും വിവിധ മേഖലകളിലെ സ്വദേശി-വിദേശി അനുപാതവും സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടു. കഴിഞ്ഞ വർഷത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. കണക്കുപ്രകാരം 4,385,717 ആണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇവരിൽ 1,488,716 പേര് സ്വദേശികളും 2,897,001 പേര് പ്രവാസികളുമാണ്. സ്വദേശികളിൽ 729,638 പുരുഷന്മാരും 759,078 സ്ത്രീകളുമാണ്. പ്രവാസി പുരുഷന്മാരുടെ എണ്ണം 1,941,628 ആണ്. സ്ത്രീകൾ 955,373.
ഫീൽഡ് സർവേക്ക് പകരം അഡ്മിനിസ്ട്രേറ്റിവ് രേഖകൾ അടിസ്ഥാനമാക്കിയാണ് സെൻസസ് തയാറാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. 34 ശതമാനം സ്വദേശികളും 66 ശതമാനം വിദേശികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം. പിന്നിട്ട രണ്ട് വര്‍ഷം വിദേശി ജനസംഖ്യയില്‍ കുറവ് വന്നെങ്കിലും ഇപ്പോഴും ജനസംഖ്യയില്‍ ഭൂരിപക്ഷം വിദേശികളാണ്. വിദേശികളിൽ പത്തുലക്ഷത്തിലേറെ പേര് ഇന്ത്യക്കാരാണ്.
സെൻസസ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശം ഫർവാനിയ ഗവർണറേറ്റാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 26 ശതമാനത്തിലേറെയും താമസിക്കുന്നത് ഫര്‍വാനിയയിലാണ്. സ്വദേശികളും പ്രവാസികളുമായി 11 ലക്ഷത്തിലേറെ പേര് ഇവിടെ താമസിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അഹമ്മദിയിൽ 21 ശതമാനം (940,176) പേർ താമസിക്കുന്നു. ഹവല്ലിയിലും സമാന തരത്തിൽ (937,978) ജനവാസമുണ്ട്, ജഹ്റ, മുബാറക് അൽകബീർ എന്നിങ്ങനെയാണ് പിന്നീട് ജനങ്ങൾ കൂടുതൽ താമസിക്കുന്ന ഇടങ്ങൾ. ഏറ്റവും കൂടുതല്‍ കുവൈത്തികള്‍ താമസിക്കുന്നത് അഹമ്മദി ഗവർണറേറ്റിലാണ് -329,121. കുവൈത്ത് സിറ്റി (283,579), ഫർവാനിയ ഗവർണറേറ്റ് (243,912) എന്നിങ്ങനെയാണ് കണക്കുകൾ. ഹവല്ലി, ജഹ്റ, മുബാറക് അൽ കബീർ ഗവർണറേറ്റുകളിൽ സ്വദേശികളുടെ എണ്ണം താരതമ്യേന കുറവാണ്.
സ്വകാര്യമേഖലകളിൽ കൂടുതൽ തൊഴിലാളികൾ പ്രവാസികളാണ്. 1,350,800 പ്രവാസികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുമ്പോൾ കുവൈത്തികളുടെ എണ്ണം 84,695 മാത്രമാണ്. അതേസമയം സർക്കാർ ജോലികളിൽ കുവൈത്തികൾ മുന്നിലാണ്. 360,079 സ്വദേശികൾ സർക്കാർ മേഖലയിൽ ജോലിചെയ്യുന്നു. ഇവിടെ പ്രവാസികളുടെ എണ്ണം 113,678 ആണ്.
പ്രവാസികൾ മുന്നിൽ
പ്രവാസികളുടെ ഏറ്റവും കൂടുതൽ പേർ താമസിക്കുന്നത് ഫർവാനിയ ഗവർണറേറ്റിലാണ് (881,650), ഹവല്ലി (694,059), അൽ അഹമ്മദി (611,055) എന്നിവിടങ്ങളിലും കൂടുതൽ പേരുണ്ട്. ജഹ്റ, അസിമ, മുബാറക് അൽ കബീർ ഗവർണറേറ്റുകളിലും പ്രവാസികൾ താമസിക്കുന്നു. കുവൈത്തികളല്ലാത്തവരുടെ എണ്ണം മിക്ക ഗവർണറേറ്റുകളിലെയും കുവൈത്തികളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. അതേസമയം, മുബാറക് അൽ കബീർ ഗവർണറേറ്റിൽ ഏറ്റവും കൂടുതൽ പൗരന്മാരാണ്. പ്രവാസികളില്‍ അഞ്ചുലക്ഷത്തിലേറെ ആളുകള്‍ നിരക്ഷരരാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.