ഉച്ചകോടിക്ക് ഒരുങ്ങി കുവൈത്ത്; ജി.സി.സി നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഗൾഫ് വാരാഘോഷം
text_fieldsകുവൈത്ത് സിറ്റി: ഡിസംബർ ഒന്നിന് കുവൈത്തിൽ നടക്കുന്ന 45ാമത് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഉച്ചകോടിക്ക് മുന്നോടിയായി ജി.സി.സി നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന ഗൾഫ് വാരാഘോഷത്തിന് തുടക്കം. സെമിനാറുകൾ, പ്രദർശനങ്ങൾ, കലാപരിപാടികൾ എന്നിവ അടങ്ങുന്ന ആഘോഷം ഈ മാസം 30 വരെ നീണ്ടുനിൽക്കും.
ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി വാരാഘോഷം ഉദ്ഘാടനം ചെയ്തു. ഇത്തരം ആഘോഷം ജി.സി.സി അംഗങ്ങളെ ഒരുമിപ്പിക്കുകയും സ്നേഹബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് മന്ത്രിയും ജി.സി.സി ഉച്ചകോടി സംഘടിപ്പിക്കുന്നതിനുള്ള ഉന്നത സമിതി മേധാവിയുമായ ഡോ. നൂറ അൽ മഷാൻ, സാമൂഹിക, കുടുംബ, ബാലകാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി, കുവൈത്തിലെ ജി.സി.സി അംഗരാജ്യങ്ങളുടെ അംബാസഡർമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
സ്ത്രീകൾ, ഭിന്നശേഷിക്കാർ, സംയുക്ത സൈനിക പ്രവർത്തനം, സൈബർ സുരക്ഷ, ഗൾഫ് കോമൺ മാർക്കറ്റ് എന്നീ വിഷയങ്ങളിൽ ജി.സി.സി രാജ്യങ്ങളുടെ നേട്ടങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ, ഫോട്ടോ പ്രദർശനം, ശിൽപശാലകൾ, സ്കൈ ഡൈവിങ് ഷോ, കുട്ടികൾക്കുള്ള ഇവൻറ്, ജി.സി.സി മേധാവിക്കുള്ള സിമ്പോസിയം എന്നിവയും വാരാഘോഷഭാഗമായി ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.