ആഗോള സർക്കാർ ഉച്ചകോടി; സൗഹൃദം പുതുക്കി പ്രധാനമന്ത്രിയും യു.എ.ഇ പ്രസിഡന്റും
text_fieldsകുവൈത്ത് സിറ്റി: യു.എ.ഇ ആതിഥ്യമരുളുന്ന ആഗോള സർക്കാർ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് പങ്കെടുത്തു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തി. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കുവൈത്ത് സർക്കാർ, ജനങ്ങൾ എന്നിവരുടെ ആശംസകൾ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് യു.എ.ഇ പ്രസിഡന്റിനെ അറിയിച്ചു. ആഗോള ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിൽ അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രി പ്രാദേശികവും അന്തർദേശീയവുമായ വെല്ലുവിളികളുടെ സാഹചര്യത്തിൽ, യോജിച്ച ശ്രമങ്ങൾ ആവശ്യമായി വരുന്ന ഘട്ടമാണിതെന്നു ഉണർത്തി.
നേരത്തെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനെ യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ മറ്റ് ഉന്നത പ്രതിനിധികൾ എന്നിവർ സ്വീകരിച്ചു. സഹകരണത്തിന്റെയും ഏകോപനത്തിന്റെയും പുതിയ ചക്രവാളങ്ങൾ തുറക്കുന്നതിന് ഉച്ചകോടി സഹായകരമാകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഉച്ചകോടിക്ക് വലിയ പ്രാധാന്യമുണ്ടെന്നും വാർത്തകുറിപ്പിൽ വ്യക്തമാക്കി. സർക്കാർ നയങ്ങൾ, പരിപാടികൾ, സേവനങ്ങൾ എന്നിവയുടെ വ്യത്യസ്ത മാതൃകകളെക്കുറിച്ചും, ജനകീയ പരിഷ്കാരങ്ങളും, വികസനവും കൈവരിക്കുന്നതിനുള്ള വഴികളും ആശയങ്ങളും അനുഭവങ്ങളും കൈമാറുന്നതിനുള്ള നല്ല അവസരമാണ് ഉച്ചകോടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൂന്നു ദിവസത്തെ ഉച്ചകോടിക്ക് തിങ്കളാഴ്ച തുടക്കമായി. ദുബൈ മദീനത്ത് ജുമൈറയിൽ നടക്കുന്ന ഉച്ചകോടിയിൽ 20 രാജ്യങ്ങളിലെ പ്രസിഡന്റുമാരും, 250 മന്ത്രിമാരും 10,000 സർക്കാർ ഉന്നതോദ്യോഗസ്ഥരും സെലിബ്രിറ്റികളും പങ്കെടുക്കുന്നുണ്ട്. 200 സെഷനുകളിലായി 300 പ്രഭാഷകർ സംസാരിക്കും. 80 പ്രാദേശിക, അന്താരാഷ്ട്ര സർക്കാർ സംഘടനകളും പങ്കെടുക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം, ഭാവി തൊഴിൽ സാധ്യതകൾ, വരും കാലത്തെ നഗരാസൂത്രണം, സമൂഹം എന്നിവയാണ് പ്രധാന ചർച്ചാ വിഷയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.