പൊതുതെരഞ്ഞെടുപ്പ് സെപ്റ്റംബർ 24ന് നടന്നേക്കും
text_fieldsകുവൈത്ത്സിറ്റി: കുവൈത്ത് പാർലമെന്റിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് സെപ്റ്റംബർ 24ന് നടന്നേക്കും. തിങ്കളാഴ്ച നടക്കുന്ന പ്രതിവാര മന്ത്രിസഭയോഗത്തിൽ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈമാസം 15ന് ചേരുന്ന പ്രതിവാര മന്ത്രിസഭ, നാഷനൽ അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് സർക്കാർവൃത്തങ്ങൾ നൽകുന്ന സൂചന. വോട്ടെടുപ്പ് തീയതി, നാമനിർദേശം നൽകുന്നതിനുള്ള കാലയളവ് എന്നിവ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ടെന്നും നിലവിലെ സൂചനകളനുസരിച്ച് സെപ്റ്റംബർ 24നായിരിക്കും തെരഞ്ഞെടുപ്പെന്നും റിപ്പോർട്ടുകൾ പറയുന്നു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതലാണ് പ്രാബല്യത്തിലാവുക. വിജ്ഞാപനം വന്നതിനുശേഷം ആദ്യ 10 ദിവസമാണ് സ്ഥാനാർഥികൾക്ക് നാമനിർദേശം സമർപ്പിക്കാനുള്ള അവസരം. നാമനിർദേശം സ്വീകരിച്ചുതുടങ്ങുന്ന ദിവസത്തിനും തെരഞ്ഞെടുപ്പ് തീയതിക്കും ഇടയിൽ കുറഞ്ഞത് ഒരു മാസമെങ്കിലും സമയം ഉണ്ടാകണമെന്നാണ് ചട്ടം. 10 നിയോജകമണ്ഡലങ്ങളിൽനിന്നായി 50 പേരാണ് തെരഞ്ഞെടുപ്പ് വഴി നാഷനൽ അസംബ്ലിയിൽ എത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.