ഇനി വ്രതവിശുദ്ധിയുടെ നാളുകൾ
text_fieldsകുവൈത്ത് സിറ്റി: ഇസ്ലാം മത വിശ്വാസികൾക്ക് ഇനി വ്രതാനുഷ്ഠാനത്തിന്റെ നിർവൃതി. ഒമാൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ എല്ലാം ശനിയാഴ്ചയാണ് വ്രതാരംഭം. ഗൾഫ് രാജ്യങ്ങളിലെയും സൗഹൃദ ഇസ്ലാമിക രാജ്യങ്ങളിലെയും നേതാക്കൾക്ക് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് റമദാൻ ആശംസകൾ നേർന്നു. പുണ്യ മാസത്തിൽ അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് അഭിവൃദ്ധിയും നന്മയും, അനുഗ്രഹങ്ങളും ലഭിക്കട്ടെയെന്ന് അദ്ദേഹം പ്രാർഥിച്ചു. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും റമദാൻ ആശംസകൾ നേർന്നു.
റമദാൻ വന്നെത്തിയതോടെ പാപമോചനത്തിനും പുണ്യങ്ങൾ കരസ്ഥമാക്കുന്നതിനുമായി വിശ്വാസികൾ ഇനിയുള്ള ദിവസങ്ങളിൽ ആരാധനകളും സത്കർമങ്ങളും ഇരട്ടിയാക്കും. റമദാനെ സ്വീകരിക്കാൻ വിശ്വാസികളും രാജ്യവും നേരത്തേ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. റമദാനെ സ്വാഗതം ചെയ്തു സംഘടനകളും കൂട്ടായ്മകളും വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. വരും ദിവസങ്ങളിൽ ഇഫ്താർ, കാരുണ്യ പ്രവർത്തനങ്ങൾ, പഠനക്ലാസുകൾ, പ്രാർഥനകൾ എന്നിവയാൽ വിശ്വാസി സമൂഹം വ്യാപൃതരാകും.
മതസംഘടനകൾ പ്രത്യേക ഉദ്ബോധന ക്ലാസുകളും മറ്റു പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. പരിപാടികളിൽ പ്രമുഖ പണ്ഡിതരും വാഗ്മികളും ക്ലാസ് നയിക്കും. നാട്ടിൽനിന്ന് പ്രഭാഷകരെയും പണ്ഡിതന്മാരെയും വിവിധ സംഘടനകൾ എത്തിക്കുന്നുണ്ട്. രാജ്യത്തെ പള്ളികളിൽ ഇഫ്താറുകൾ, തറാവീഹ് നമസ്കാരങ്ങൾ, രാത്രിനമസ്കാരങ്ങൾ എന്നിവക്കായി ഒരുക്കങ്ങൾ പൂർത്തിയാക്കി ചന്ദ്രകല തെളിയുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു. റമദാൻ പിറതെളിഞ്ഞതോടെ വെള്ളിയാഴ്ച പള്ളികളിൽ തറാവീഹ് നമസ്കാരങ്ങൾ നടന്നു.
റമദാൻ കണക്കിലെടുത്ത് വിവിധ മന്ത്രാലയങ്ങൾക്ക് കീഴിൽ പ്രവൃത്തി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. തൊഴിൽ സമയം ഫ്ലക്സിബിൾ ആക്കി ആറുമണിക്കൂറാക്കി. സ്കൂൾ പ്രവൃത്തിസമയവും കുറച്ചു. രാവിലെയും വൈകീട്ടും നോമ്പ് തുറക്കുന്ന സമയങ്ങളിലും റോഡുകളിൽ തിരക്ക് ഒഴിവാക്കാൻ ഗതാഗത വകുപ്പ് നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. വിപണിയിൽ പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും ഇല്ലാതിരിക്കാൻ വാണിജ്യ മന്ത്രാലയം ഇടപെടലുകൾ നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.