ചിത്രം തെളിഞ്ഞു; രാജ്യം തെരഞ്ഞെടുപ്പിന് സജ്ജം
text_fieldsകുവൈത്ത് സിറ്റി: മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും പൂർത്തിയാക്കി ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിന് രാജ്യം സജ്ജമായി. വോട്ടർമാർക്ക് സ്വതന്ത്രവും നിഷ്പക്ഷവുമായി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും തയാറായിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങൾ അവലോകന യോഗംചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്. മന്ത്രിസഭയും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ അവലോകനം നടത്തി. വോട്ടർമാരെ സ്വാധീനിക്കൽ, വോട്ട് വാങ്ങൽ എന്നിവക്കെതിരെയും നിരീക്ഷണവും നടപടികളും കർശനമാക്കിയിട്ടുണ്ട്. അന്തിമ കണക്കുപ്രകാരം 304 പേരാണ് മത്സരരംഗത്തുള്ളത്. പിരിച്ചുവിടപ്പെട്ട സഭയിലെ നാൽപതോളം പേരും നിരവധി മുൻ എം.പിമാരും മത്സരരംഗത്തുണ്ട്. 50 സീറ്റുകളിലേക്കായി ഇത്രയും പേർ രംഗത്തിറങ്ങിയതോടെ കനത്ത പ്രചാരണമാണ് നടന്നുവരുന്നത്.
വോട്ടെടുപ്പ് ദിവസം അഞ്ചുമണ്ഡലങ്ങളിലായി 123 ക്ലിനിക്കുകൾ പ്രവർത്തിപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വോട്ടർമാർക്കും സ്ഥാനാർഥികൾക്കും നിർവഹണ ഉദ്യോഗസ്ഥർക്കും ആവശ്യഘട്ടങ്ങൾ ഇവ വൈദ്യസഹായം ലഭ്യമാക്കും. കൂടാതെ, രാജ്യത്തെ മുഴുവൻ ആശുപത്രികളിലും പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കും. അടിയന്തര വൈദ്യസഹായ സംഘം വോട്ടെടുപ്പ് ദിവസം മുഴുവൻ രംഗത്തുണ്ടാകും. അഭ്യന്തരമന്ത്രാലയം, സിവിൽ ഡിഫൻസ് എന്നിവയും സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് ദിവസം വോട്ടർമാർക്ക് സഹായവുമായി രംഗത്തുണ്ടാകുമെന്ന് കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റി അറിയിച്ചിട്ടുണ്ട്. വോട്ടെടുപ്പിന്റെ സുതാര്യത നിലനിർത്താൻ സുതാര്യതാ സൊസൈറ്റിയും രംഗത്തുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.